
ജറുസലം: വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുമ്പ് ഗാസയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ ജോ ബൈഡന്റെ ഭഗീരഥ പ്രയത്നം. ഖത്തറിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. ഇസ്രയേൽ പ്രതിനിധികളും ചർച്ചയിൽ പങ്കാളികളാകുന്നു എന്നത് വലിയ വിജയമായാണ് അമേരിക്ക കണക്കാക്കുന്നത്. മൊസാദ് തലവൻ ഡേവിഡ് ബർനിയയും സമാധാന ചർച്ചകളിൽ പങ്കാളിയാകാൻ ഉടൻ ദോഹയിലെത്തുമെന്നാണ് റിപ്പോർട്ട്.
ബൈഡൻ അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയേയുള്ളൂ. ജനുവരി 20നാണ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുക. 20ന് അകം ബന്ദികളെ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 34 ബന്ദികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കാമെന്ന് ഹമാസ് വാർത്താ ഏജൻസിയോടു വ്യക്തമാക്കുകയും ചെയ്തു.
ഇതോടെയാണ് ഗാസ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ജോ ബൈഡൻ ഭരണകൂടം അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാക്കാനാണു ശ്രമമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. വെടിനിർത്തൽ കരാറായാൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കേണ്ട 34 ബന്ദികളുടെ ഇസ്രയേൽ നൽകിയ പട്ടിക അംഗീകരിച്ചതായി ഹമാസിന്റെ വക്താവാണു റോയിട്ടേഴ്സിനോടു പറഞ്ഞത്. വനിതാ സൈനികരും പ്രായമായവരുമാണ് ഈ പട്ടികയിലുള്ളത്. ഇതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല.











