12:12pm 09 November 2026
NEWS
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി അറസ്റ്റിൽ
03/05/2025  08:40 AM IST
nila
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശിനി അറസ്റ്റിൽ. കൊച്ചി പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയാണ് അറസ്റ്റിലായത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ കാർത്തികയെ കോഴിക്കോട് നിന്നാണ് കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കാർത്തിക വാങ്ങിയെന്നാണ് തൃശ്ശൂർ സ്വദേശിനിയുടെ പരാതി. 2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്.

ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നാണ് ഇവർ പണം വാങ്ങിയത്. 3 മുതൽ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നൽകിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർഥികൾ പൊലീസിനെ സമീപിച്ചത്.

വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാൻ ആവശ്യമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷൻസ് അറിയിച്ചു.  പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശ്ശൂരിലാണ് ഇപ്പോൾ താമസിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img