02:18am 26 August 2026
NEWS
ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാനെ സഹായിച്ച തുർക്കിക്കെതിരെ നിലപാടെടുത്ത് ഇന്ത്യൻ സർവകലാശാലകൾ
15/05/2025  11:22 AM IST
nila
ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാനെ സഹായിച്ച തുർക്കിക്കെതിരെ നിലപാടെടുത്ത് ഇന്ത്യൻ സർവകലാശാലകൾ

ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആക്രമണത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ നിലപാടെടുത്ത് ഇന്ത്യയിലെ സർവകലാശാലകൾ. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മിലിയ സർവകലാശാലയുമാണ് തുർക്കി സർവകലാശാലകളുമായുള്ള സഹകരണം അവസാനിപ്പിച്ചിരിക്കുന്നത്. തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള എല്ലാ സഹകരണവും റദ്ദ് ചെയ്തതായി ജാമിയ മിലിയ അറിയിച്ചു. 

തുർക്കിയിലെ ഇനോനു സർകലാശാലയുമായുള്ള ധാരണാ പത്രം താത്കാലികമായി നിർത്തിവച്ചതായി ജവഹർലാൽ നെഹ്റു സർവകലാശാലയും വ്യക്തമാക്കി. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാ പത്രം താത്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് ജെഎൻയു അധികൃതർ അറിയിച്ചത്.

'ദേശീയ സുരക്ഷാ കാരണങ്ങൾ കൊണ്ട്, ജെഎൻയുവും ഇനോനു സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചിരിക്കുന്നു. ജെഎൻയു രാഷ്ട്രത്തോടൊപ്പം നിൽക്കുന്നു' -ജെഎൻയുവിന്‍റെ എക്സ് ഹാൻഡിലിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെയാണ്.

ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിനിടെ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചതിന് തുർക്കിക്കും അസർബൈജാനും എതിരെ ജനവികാരം ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ സർവകലാശാലകളും തുർക്കിക്കെതിരെ നിലപാട് കടുപ്പിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് സംഘർഷം രൂക്ഷമായിരുന്നു. പ്രതിരോധ മന്ത്രാലത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് മെയ് 8 ന് രാത്രി ലേയ്ക്കും സർ ക്രീക്കിനും ഇടയിലുള്ള 36 സ്ഥലങ്ങളിലേക്ക് പാകിസ്ഥാൻ ഡ്രോൺ അയച്ചിരുന്നു. ഇതിൽ തുർക്കി നിർമിത ഡ്രോണുകൾ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൈനറ്റിക്, നോൺ-കൈനറ്റിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ സായുധ സേന ഈ ഡ്രോണുകളിൽ പലതും തകർത്തത്.

തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇവ തുർക്കി നിർമിത ഡ്രോണുകളാണെന്ന് കണ്ടെത്തിയത്. ഇതിൽ 'അസിസ്ഗാർഡ് സോംഗർ' മോഡലും 'യിഹ' അല്ലെങ്കിൽ 'യെഹാവ്' എന്ന് പേരുള്ള തുർക്കി നിർമിത യുഎവികളും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img