ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ

ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജിസ്മോളുടെ സഹോദരൻ ജിറ്റു തോമസാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. യുവതി മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും സഹോദരനും പിതാവും പൊലീസിന് മൊഴിനൽകി. ജിസ്മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങിവച്ചിരുന്നു എന്ന സംശയവും ഇവർ ഉയർത്തുന്നുണ്ട്. സഹോദരിയെ ഭർതൃവീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചിരുന്നെന്നും ജിറ്റു വെളിപ്പെടുത്തി.
അതേസമയം, ജിസ്മോളുടെയും മക്കളുടെയും സംസ്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മൃതദേഹങ്ങൾ നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിൻറെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണം. ഇതു സംബന്ധിച്ച് സഭാ തലത്തിലും ചർച്ചകൾ തുടരുകയാണ്.










