09:31am 09 November 2026
NEWS
മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് മക്കളുമൊത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴിയെടുക്കും
16/04/2025  07:55 AM IST
nila
മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് മക്കളുമൊത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴിയെടുക്കും

കോട്ടയം: മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും മറ്റുചില ബന്ധുക്കളോടും പൊലീസ് ഇന്നലെ തന്നെ വിവരങ്ങൾ തേടിയിരുന്നു. യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ വിശ​ദമായ മൊഴിയെടുക്കാനാണ് ഏറ്റുമാനൂർ പൊലീസിന്റെ നീക്കം. അഡ്വ. ജിസ്മോൾ മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവരുമായി ഇന്നലെയാണ് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്. 

ചില കുംടുബ പ്രശ്നങ്ങളാണ് ജിസ്മോളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയില്ല. വീട്ടിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്മോൾ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏറ്റുമാനൂർ അയർക്കുന്നം പള്ളിക്കുന്നിലാണ് ജിസ്മോൾ മക്കളുമായി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. വീട്ടിൽ വെച്ച് കുട്ടികൾക്ക് വിഷം നൽകിയശേഷം ജിസ്മോൾ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിനുശേഷം സ്കൂട്ടറിൽ കടവിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനില ഗുരുതരമായിരുന്ന ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മൂന്ന് മൃതദേഹത്തിൻറെയും ഇൻക്വസ്റ്റ് നടപടികൾ ഇന്നലെ രാത്രിയിൽ പൂർത്തിയാക്കിയിരുന്നു. ഇന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img