
കൊച്ചി: ഓരോ മാസവും അല്ലെങ്കിൽ വർഷവും റീചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി ദീർഘകാല വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. 10,000 രൂപ നിരക്കിലുള്ള ഈ പ്ലാനിലൂടെ ഒറ്റത്തവണ റീചാർജ് ചെയ്താൽ 36 മാസത്തേക്ക്, അതായത് മൂന്ന് വർഷം വരെ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നാണ് കമ്പനിയുടെ അറിയിപ്പ്. ഇന്ന് മുതൽ ഉപയോക്താക്കൾക്ക് പ്ലാൻ ലഭ്യമാകും.
ദിവസേനയുള്ള ഡാറ്റ ആവശ്യങ്ങൾക്കും തുടർച്ചയായ കോളിങ്ങിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് പുതിയ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുക. ഇതിനു പുറമെ അൺലിമിറ്റഡ് 5ജി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ സേവനങ്ങൾക്കൊപ്പം വിനോദത്തിനും ഡിജിറ്റൽ ആവശ്യങ്ങൾക്കുമായി അധിക ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലസ് ഹോളിവുഡ് സബ്സ്ക്രിപ്ഷൻ, 12 മാസത്തെ ക്യാൻവ പ്രോ ലൈറ്റ് അംഗത്വം, 50 ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.
ഒറ്റ റീചാർജിലൂടെ ദീർഘകാല മൊബൈൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഒടിടി ഉള്ളടക്കങ്ങൾ ആസ്വദിക്കാനും ക്രിയേറ്റീവ് ആവശ്യങ്ങൾ നിറവേറ്റാനും ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാനും കഴിയുമെന്നതാണ് പ്ലാനിന്റെ പ്രത്യേകത.
മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി 10,000 രൂപയുടെ പുതിയ പ്ലാൻ റീചാർജ് ചെയ്യാം.
ജിയോയുടെ 10,000 രൂപ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ
പ്ലാൻ നിരക്ക്: 10,000 രൂപ
വാലിഡിറ്റി: 36 മാസം
പ്രതിദിന ഡാറ്റ: 2.5 ജിബി
5ജി ഡാറ്റ: അൺലിമിറ്റഡ്
വോയ്സ് കോളുകൾ: അൺലിമിറ്റഡ്
എസ്എംഎസ്: പ്രതിദിനം 100
ഒടിടി: ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലസ് ഹോളിവുഡ് സബ്സ്ക്രിപ്ഷൻ
ക്യാൻവ: 12 മാസത്തെ പ്രോ ലൈറ്റ് അംഗത്വം
ക്ലൗഡ് സ്റ്റോറേജ്: 50 ജിബി ജിയോ എഐ ക്ലൗഡ്










