
തിരുവനന്തപുരം: സമസ്തയും മുസ്ലിം ലീഗും തമ്മിൽ യാതൊരു ഭിന്നതയും ഇല്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാണക്കാട് കുടുംബം ഉൾപ്പെടെ എല്ലാവരും സമസ്തയുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകൾ ശക്തമായി തള്ളിക്കളയുന്നതായും ജിഫ്രി തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യണമോ വേണ്ടയോ എന്നത് വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയും തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിന്റെ ഗുണദോഷങ്ങൾ ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ അവജ്ഞയോടെ തള്ളുന്നു,” എന്നാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. മുഖ്യമന്ത്രിയുമായും സർക്കാരുമായും അടുത്ത ബന്ധമുണ്ടെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾക്കെതിരെ കടുത്ത വിമർശനവുമായി നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. വെള്ളാപ്പള്ളി തുറന്നുവെച്ച് വർഗീയത പറയുകയാണെന്നും മുസ്ലിം സമുദായത്തെയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സമുദായത്തെ ആക്ഷേപിച്ച നിലപാടുകൾക്ക് കേരളം നൽകിയ മറുപടിയാണ് സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെന്നും, വെള്ളാപ്പള്ളി “സംഘടനാ വനവാസം” അനുഷ്ഠിക്കേണ്ട സാഹചര്യമാണെന്നും നാസർ ഫൈസി പറഞ്ഞു.
അതേസമയം, തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നതിന് പിന്നിൽ മുസ്ലിം ലീഗിന്റെ വിരോധമാണെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ലീഗിന്റെ ധാർഷ്ട്യവും വഞ്ചനയും വർഗീയ നിലപാടുകളും തുറന്നുകാട്ടിയതാണ് എതിർപ്പിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിനെ വിമർശിക്കുന്നവരെ മുസ്ലിം വിരോധികളായി ചിത്രീകരിക്കുന്നതിലൂടെ അവരുടെ യഥാർത്ഥ വർഗീയ മുഖമാണ് പുറത്തുവരുന്നതെന്നും, ലീഗ് സമുദായത്തിലെ സമ്പന്ന വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അധികാരത്തിൽ എത്തിയപ്പോൾ എസ്എൻഡിപി ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചുവെന്നും, അധികാരം നേടുക മാത്രമായിരുന്നു ലീഗിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.











