09:18pm 07 September 2026
NEWS
കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ജാർഖണ്ഡ് സർക്കാരും കൊച്ചി അമൃത ആശുപത്രിയും കൈകോർക്കുന്നു
07/09/2026  06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ജാർഖണ്ഡ് സർക്കാരും കൊച്ചി അമൃത  ആശുപത്രിയും  കൈകോർക്കുന്നു
HIGHLIGHTS

ജാർഖണ്ഡിലെ കുട്ടികൾക്കായുള്ള അമൃത ആശുപത്രിയുടെ സൗജന്യ ഹൃദയചികിത്സാ പദ്ധതിക്കുള്ള അംഗീകാരമായി ഝാർഖണ്ഡ് എൻഎച്ച്എം മിഷൻ ഡയറക്ടർ ശശി പ്രകാശ് ഝാ, ഐഎഎസ്, അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിക്ക് സ്നേഹോപഹാരം സമ്മാനിക്കുന്നു.

കൊച്ചി: ഹൃദോഗ ചികിത്സ ആവശ്യമായ  ജാർഖണ്ഡിലെ കുട്ടികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നതിനായി ജാർഖണ്ഡ് സർക്കാരും കൊച്ചി അമൃത ആശുപത്രിയും തമ്മില്‍ കരാറിലെത്തി.

പദ്ധതിയുടെ ഭാഗമായി ജാർഖണ്ഡിൽ ഇതുവരെ 2,000-ത്തിലധികം കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുകയും, 75 കുട്ടികൾ കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. വിദഗ്ദ്ധ ഹൃദയ പരിചരണം ആവശ്യമുള്ള കുട്ടികളെ കണ്ടെത്താനായി ജാർഖണ്ഡിൽ ഉടനീളം കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ തുടരാനാണ് പദ്ധതി.

അമൃത ആശുപത്രിയുടെ  മാതൃകാപരമായ പ്രവർത്തനങ്ങളെ ആദരിച്ചു കൊണ്ട് ജാർഖണ്ഡ് നാഷണൽ ഹെൽത്ത്  മിഷൻ ഡയറക്ടർ ശശി പ്രകാശ് ഝാ, ഐ.എ.എസ്., അമൃതപുരിയിൽ വെച്ച് മാതാ അമൃതാനന്ദമയി ദേവിക്ക് സ്നേഹോപഹാരം സമ്മാനിച്ചു. കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോവസ്കുലാര്‍ ആന്‍റ് തോറാസിക് സർജറി വിഭാഗം മേധാവി ഡോ. ബ്രിജേഷ് പി.കെ., അമൃത ജാർഖണ്ഡ് ഇനിഷ്യേറ്റീവ് കോർഡിനേറ്റർ ശിവ് പ്രകാശ് ബഗാരിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജന്മനാ ഉള്ളതും അല്ലാത്തതുമായ ഹൃദ്രോഗങ്ങൾ ബാധിച്ച കുട്ടികളെ അമൃത ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയകൾക്കും കാർഡിയാക് ഇൻ്റർവെൻഷനുകൾക്കും അയക്കും. ജാർഖണ്ഡിലെ ആരോഗ്യ പ്രവർത്തകർക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനുള്ള പരിശീലനവും, രോഗികളുടെ തുടർ പരിശോധനകളും ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്.  ഓരോ വർഷവും ഔട്ട്‌റീച്ച് പ്രോഗ്രാമുകളിലൂടെ ആയിരക്കണക്കിന് കുട്ടികളെ പരിശോധിക്കുകയും, അടിയന്തര ചികിത്സ ആവശ്യമുള്ളവരിൽ പലർക്കും അമൃത ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിക്കുകയും ചെയ്യുമെന്നും ജാർഖണ്ഡ് സർക്കാരുമായുള്ള ഈ സഹകരണം സംസ്ഥാനത്തുടനീളമുള്ള കൂടുതൽ കുട്ടികളിലേക്ക്  പരിചരണം എത്തിക്കാൻ സഹായിക്കുമെന്നും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഹെഡ് ആൻഡ് ക്ലിനിക്കൽ പ്രൊഫസർ ഡോ. ആർ. കൃഷ്ണകുമാർ വ്യക്തമാക്കി.

കഴിഞ്ഞ 25 വർഷത്തിനിടയിൽ അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി വിഭാഗങ്ങൾ ഏകദേശം 32,500 ശസ്ത്രക്രിയകളും ഇൻ്റർവെൻഷനുകളും നടത്തിയിട്ടുണ്ട്. ഇതിൽ 24,300-ലധികം ശസ്ത്രക്രിയകളും പൂർണ്ണമായും സൗജന്യമായോ സൌജന്യ നിരക്കിലോ ചെയ്തു.ഒഡീഷ സർക്കാരുമായും സമാനമായ രീതിയിൽ കുട്ടികൾക്ക് സൗജന്യ ഹൃദ്രോഗ ചികിൽത്സ ലഭ്യമാക്കുന്നതിനായി അമൃത ഹോസ്പിറ്റൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.