10:33pm 18 April 2026
NEWS

ഇസ്രയേലിൽ ഭീകരാക്രമണം

08/09/2025  06:08 PM IST
nila
 ഇസ്രയേലിൽ ഭീകരാക്രമണം

ഇസ്രയേലിൽ വീണ്ടും ഭീകരാക്രമണം. വടക്കൻ ജറുസലേമിൽ ആയുധധാരികളായ രണ്ടുപേർ ജനക്കൂട്ടത്തിന് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടെന്നും ആറുപേർക്ക് പരിക്കേറ്റു എന്നുമാണ് റിപ്പോർട്ട്. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. 

പ്രാദേശിക സമയം ഇന്നു രാവിലെ പത്തരയോടെയാണ് ആക്രമണമുണ്ടായത്. ജറുസലമിലെ റാമോട്ട് ജംക്‌ഷനിൽ കാറിലെത്തിയ രണ്ടു പേർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേരെയും വെ‌ടിയുതിർക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരു സൈനികനും ചില പൗരന്മാരും നടത്തിയ തിരിച്ചടിയിൽ ഇവർ കൊല്ലപ്പെട്ടു. 

ആക്രമണത്തിന് ഇരയായവരിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അക്രമം നടത്തിയവർ വെസ്റ്റ് ബാങ്ക് സ്വദേശികളാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. 

സംഭവം ഭീകരാക്രമണമാണെന്നും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഭീകരരുടെ ഗ്രാമങ്ങളെ ഇസ്രയേൽ വളഞ്ഞിരിക്കുകയാണ്. നമ്മൾ വാഗ്ദാനം ചെയ്തതു പോലെ ഹമാസിനെ തുടച്ചുനീക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img