12:30am 24 November 2026
NEWS
എൻവിഡിയയുടെ 150 ബില്യൺ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപനം; പിന്നാലെ സിഇഒയായി ജെൻസൻ ഹുവാങ് തിരിച്ചെത്തി


23/11/2026  08:43 PM IST
nila
എൻവിഡിയയുടെ 150 ബില്യൺ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപനം; പിന്നാലെ സിഇഒയായി ജെൻസൻ ഹുവാങ് തിരിച്ചെത്തി

പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജെൻസൻ ഹുവാങിനെ വീണ്ടും നിയമിച്ചു. ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് നിയമനം. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം തുടരും. ഹുവാങുമായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ഡയറക്ടർ ബോർഡ് ഏകകണ്ഠമായി തീരുമാനിച്ചത്.

ജെൻസൺ ഹവാങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ എൻവിഡിയ ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. മൂല്യം ഇടിഞ്ഞതോടെ കമ്പനി തന്നെ ഷെയറുകൾ തിരികെ വാങ്ങി വിപണിമൂല്യം ഉയർത്താനും ശ്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ജെൻസൺ ഹുവാങിനെ തിരിച്ചെടുത്തത്. 150 ബില്യൺ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിയാണ് എൻവിഡിയ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വില ഉയർന്നു. മൂന്നാം പാദത്തിലെ വരുമാനവും ലാഭവും സംബന്ധിച്ച കണക്കുകൾ വിപണി പ്രതീക്ഷകളെ മറികടന്നു. നാലാം പാദത്തിലെ ബിസിനസ് പ്രകടനം സംബന്ധിച്ചും പ്രതീക്ഷിച്ചതിലും മികച്ച പ്രവചനമാണ് കമ്പനി മുന്നോട്ടുവെച്ചത്.

ഹുവാങിന്റെ നിലപാടുകളിലും തുറന്ന സമീപനത്തിലും കമ്പനിയെ നയിക്കാനുള്ള കഴിവിലും ബോർഡിന് പൂർണ തൃപ്തിയുണ്ടെന്ന് എൻവിഡിയ അറിയിച്ചു. തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി യുഎസ് സർക്കാരിലെ ഉന്നതതലങ്ങളിൽനിന്നും ബോർഡ് അഭിപ്രായങ്ങൾ തേടിയിരുന്നു. ഹുവാങിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോർഡിന് ഉറപ്പുണ്ടെന്നും കമ്പനി വ്യക്തമാക്കി.

'എൻവിഡിയയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ജെൻസൻ തന്നെയാണെന്നാണ് ബോർഡിന്റെ വിശ്വാസം. ഓഹരി ഉടമകൾക്കും ജീവനക്കാർക്കും പങ്കാളികൾക്കും ഉപഭോക്താക്കൾക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഗുണകരമാകും. ജെൻസനിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. കമ്പനിയുടെ നേതൃത്വം അദ്ദേഹം വീണ്ടും ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട്' - ഡയറക്ടർ ബോർഡ് ചെയർമാൻ ഹാർവി സി. ജോൺസ് പ്രസ്താവനയിൽ പറഞ്ഞു.

ഇടക്കാല സിഇഒയായി ചുമതല വഹിച്ച കോലെറ്റ് ക്രെസിന്റെ സേവനത്തെയും അദ്ദേഹം അഭിനന്ദിച്ചു. എൻവിഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) എന്ന ചുമതല തുടർന്നും കോലെറ്റ് ക്രെസ് നിർവഹിക്കും. ഹാർവി ജോൺസ് ഡയറക്ടർ ബോർഡ് ചെയർമാനായി തുടരും.

തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച ജെൻസൻ ഹുവാങ്, പുതിയ വ്യാവസായിക വിപ്ലവത്തിന്റെ തുടക്കത്തിൽ ലോകത്തെ ഏറ്റവും നിർണായകമായ സാങ്കേതികവിദ്യാ കമ്പനികളിലൊന്നിനെ നയിക്കാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞു. ഈ ഉത്തരവാദിത്തം ഏറെ വിനയത്തോടെയും പുതുക്കിയ പ്രതിബദ്ധതയോടെയും ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നിൽ വിശ്വാസമർപ്പിച്ച ഡയറക്ടർ ബോർഡിനും ചെയർമാൻ ഹാർവി ജോൺസിനും ഇടക്കാലത്ത് കമ്പനിയെ നയിച്ച കോലെറ്റ് ക്രെസിനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഹുവാങ് നന്ദി അറിയിച്ചു. ജീവനക്കാർ, ഓഹരി ഉടമകൾ, വ്യവസായ മേഖലയിലെ പ്രമുഖർ, ആഗോള പങ്കാളികൾ എന്നിവരുടെ പിന്തുണയ്ക്കും കുടുംബത്തിന്റെ സ്നേഹത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജോലിയിൽ വീണ്ടും സജീവമാകാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ നീക്കങ്ങൾക്ക് ഹുവാങ് ഇരയായെന്ന സമീപകാല റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഡയറക്ടർ ബോർഡ് ആരംഭിച്ച അന്വേഷണം തുടരുമെന്ന് എൻവിഡിയ അറിയിച്ചു. സ്വതന്ത്ര ഡയറക്ടർമാർ മാത്രമടങ്ങുന്ന പ്രത്യേക സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് സഹായകമായി സ്വതന്ത്ര നിയമോപദേശകരെയും സമിതി നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ നടപടികൾ തുടരുമെന്നും ഹുവാങ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ദേശീയ സുരക്ഷയും കയറ്റുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിക്കുന്നതിനായി സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സമിതിക്കും എൻവിഡിയ രൂപം നൽകിയിട്ടുണ്ട്. വ്യാപാര നിയമങ്ങൾ പാലിക്കുന്നതും ദേശീയ സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്നതുമാണ് സമിതിയുടെ പ്രധാന ചുമതല. ദേശീയ സുരക്ഷാ വിഷയങ്ങളിൽ പരിചയസമ്പത്തുള്ള നിയമോപദേശകരെയും വിദഗ്ധരെയും സമിതി നിയോഗിക്കും.

കൂടാതെ, കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ നിയമാനുസൃത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി പുതിയ ചീഫ് കംപ്ലയൻസ് ഓഫീസർ തസ്തിക സൃഷ്ടിക്കാനും എൻവിഡിയ തീരുമാനിച്ചു. ഈ ഉദ്യോഗസ്ഥൻ കമ്പനിയുടെ മുഴുവൻ വിഭാഗങ്ങളിലെയും നിയമപാലനം നിരീക്ഷിക്കുകയും ഡയറക്ടർ ബോർഡിന്റെ നോമിനേഷൻ ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുകയും ചെയ്യും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർക്കാർ അന്വേഷണങ്ങളോടും മറ്റ് പരിശോധനകളോടും സഹകരണം തുടരുമെന്നും കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img