
ഒൻപതാം വയസ്സിൽ അമേരിക്കയിലെത്തിയ ബാലൻ. ഭാഷയറിയാതെ, പരിഹാസങ്ങളും ദുരനുഭവങ്ങളും നിറഞ്ഞ ബാല്യകാലം. അവിടെനിന്ന് ലോകത്തെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളിലൊന്നായ എൻവിഡിയയുടെ അമരക്കാരനിലേക്കുള്ള വളർച്ച. ജെൻസൻ ഹുവാങിന്റെ ജീവിതം അതിജീവനത്തിന്റെയും അസാധാരണമായ ദീർഘവീക്ഷണത്തിന്റെയും വിജയഗാഥയായിരുന്നു. എന്നാൽ വർഷങ്ങൾകൊണ്ട് കെട്ടിപ്പടുത്ത വ്യക്തിപ്രഭാവത്തിന് ഇപ്പോൾ വിവാദങ്ങളുടെ നിഴൽ വീണിരിക്കുകയാണ്. സാങ്കേതിക ലോകത്തെ കരുത്തനായ നായകനെന്ന വിശേഷണത്തിൽനിന്ന് ആരോപണങ്ങളുടെ കേന്ദ്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു.
കഠിനമായ ബാല്യകാലം; അതിജീവനത്തിന്റെ പാഠങ്ങൾ
1963ൽ തയ്വാനിലെ ചരിത്രനഗരമായ തൈനാനിലാണ് ജെൻസൻ ഹുവാങ് ജനിച്ചത്. കെമിക്കൽ എൻജിനീയറായിരുന്ന പിതാവിന്റെയും അധ്യാപികയായിരുന്ന മാതാവിന്റെയും മകനായ അദ്ദേഹം ഒൻപതാം വയസ്സിലാണ് അമേരിക്കയിലെത്തിയത്. ഇംഗ്ലിഷ് ഭാഷയിൽ വേണ്ടത്ര പരിജ്ഞാനമില്ലാതിരുന്ന ജെൻസനും സഹോദരനും വാഷിങ്ടണിലെ ടാകോമയിൽ ബന്ധുവിനൊപ്പമായിരുന്നു ആദ്യകാല താമസം.
അമേരിക്കയിലെ ജീവിതം തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല. സ്കൂൾ തിരഞ്ഞെടുപ്പിലെ പിഴവിനെത്തുടർന്ന് കെന്റക്കിയിലെ റിഫോം സ്കൂളിൽ പഠിക്കേണ്ടിവന്നു. ഇതിനായി തയ്വാനിലെ സ്വത്തുക്കൾ പോലും മാതാപിതാക്കൾക്ക് വിൽക്കേണ്ടിവന്നു. സ്കൂൾ ജീവിതത്തിൽ പരിഹാസങ്ങളും ശാരീരികമായ അപമാനങ്ങളും നേരിടേണ്ടിവന്നെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയെ തടഞ്ഞില്ല.
പിന്നീട് മാതാപിതാക്കളും അമേരിക്കയിലെത്തി. കുടുംബം ഓറിഗണിലെ ബീവർടണിൽ താമസമാക്കി. പഠനത്തിൽ മികവ് പുലർത്തിയ ജെൻസൻ പ്രോഗ്രാമിങ്ങിലും കഴിവുതെളിയിച്ചു. ടേബിൾ ടെന്നിസിലും മികവ് പുലർത്തിയ അദ്ദേഹം 16-ാം വയസ്സിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായി.
എൻവിഡിയ എന്ന സാമ്രാജ്യത്തിന്റെ പിറവി
ഓറിഗൺ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ജെൻസൻ പിന്നീട് സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സിലിക്കൺ വാലിയിലെത്തിയ അദ്ദേഹം എഎംഡി, എൽഎസ്ഐ ലോജിക് തുടങ്ങിയ പ്രമുഖ ചിപ്പ് നിർമാണ കമ്പനികളിൽ ജോലി ചെയ്തു.
എൽഎസ്ഐ ലോജിക്കിലെ ജോലിക്കിടെയാണ് ക്രിസ് മലക്കോവ്സ്കിയെയും കർട്ടിസ് പ്രീമിനെയും പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് പിന്നീട് ലോക സാങ്കേതിക ചരിത്രത്തിൽ ഇടംപിടിച്ച സംരംഭത്തിന് വഴിയൊരുക്കിയത്.
1993ൽ മൂവരും ചേർന്ന് എൻവിഡിയ സ്ഥാപിച്ചു. കംപ്യൂട്ടറുകളിലും വിഡിയോ ഗെയിമുകളിലും മികച്ച ഗ്രാഫിക്സ് ലഭ്യമാക്കുന്ന ചിപ്പുകൾ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ തുടക്കത്തിൽ കമ്പനിക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടിവന്നു. തെറ്റായ ബിസിനസ് തീരുമാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നു. കമ്പനിയുടെ നിലനിൽപ്പിനായി പുറത്തുനിന്നുള്ള സാമ്പത്തിക സഹായവും തേടേണ്ടിവന്നു.
പ്രതിസന്ധികളെ മറികടന്ന് എൻവിഡിയയെ മുന്നോട്ടുനയിച്ചത് ജെൻസന്റെ നേതൃത്വമായിരുന്നു. 1999ൽ കമ്പനി ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് (ജിപിയു) അവതരിപ്പിച്ചു. കംപ്യൂട്ടർ ഗ്രാഫിക്സ് രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിട്ട ഈ സാങ്കേതികവിദ്യ എൻവിഡിയയുടെ വളർച്ചയിലെ നിർണായക ഘട്ടമായി.
ഗെയിമിങ് ചിപ്പുകളിൽനിന്ന് എഐ ലോകത്തിന്റെ അമരത്തേക്ക്
വിഡിയോ ഗെയിമുകൾക്കപ്പുറത്തും ജിപിയുവിന് വലിയ സാധ്യതകളുണ്ടെന്ന് ജെൻസൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വലിയ അളവിലുള്ള വിവരങ്ങൾ ഒരേസമയം പ്രോസസ് ചെയ്യാനുള്ള ജിപിയുവിന്റെ കഴിവ് ശാസ്ത്രഗവേഷണം, സൂപ്പർകംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ നിർണായകമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി.
2006ൽ എൻവിഡിയ അവതരിപ്പിച്ച ക്യൂഡ (CUDA) സാങ്കേതികവിദ്യ ഈ രംഗത്ത് വലിയ വഴിത്തിരിവായി. ഗവേഷകർക്കും സോഫ്റ്റ്വെയർ ഡവലപ്പർമാർക്കും ജിപിയുവിന്റെ ശേഷി കൂടുതൽ പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിച്ചു. പിന്നീട് എഐ സംവിധാനങ്ങളുടെ പരിശീലനത്തിലും എൻവിഡിയ ചിപ്പുകൾ നിർണായക പങ്കുവഹിച്ചു.
2022ൽ ജനറേറ്റീവ് എഐയുടെ വളർച്ച ആഗോളതലത്തിൽ ശക്തമായതോടെ എൻവിഡിയയുടെ ചിപ്പുകൾക്ക് ആവശ്യക്കാർ കുതിച്ചുയർന്നു. കമ്പനിയുടെ വിപണിമൂല്യം 2023ൽ ഒരു ലക്ഷം കോടി ഡോളർ കടന്നു. പിന്നീട് അത് നാലു ലക്ഷം കോടി ഡോളറിനടുത്തെത്തി. ലോകത്തെ അതിസമ്പന്നരിൽ ഒരാളായി ജെൻസനും മാറി.
കറുത്ത ലെതർ ജാക്കറ്റും ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിനിടയിലെ ആവേശകരമായ പ്രസംഗങ്ങളും അദ്ദേഹത്തെ സിലിക്കൺ വാലിയിലെ സെലിബ്രിറ്റി സിഇഒയാക്കി മാറ്റി. എഐ വിപ്ലവത്തിന്റെ മുഖ്യശിൽപികളിലൊരാളെന്ന വിശേഷണവും ലഭിച്ചു.
ചിപ്പ് നിർമാണത്തിൽ മാത്രം ഒതുങ്ങാതെ ക്ലൗഡ് കംപ്യൂട്ടിങ്, എഐ ഗവേഷണം, സൂപ്പർകംപ്യൂട്ടിങ് തുടങ്ങി വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥയാണ് എൻവിഡിയയിലൂടെ അദ്ദേഹം വളർത്തിയെടുത്തത്.
എന്നാൽ ബിസിനസ് ലോകത്തെ അസാധാരണ വിജയവും വ്യക്തിപ്രഭാവവും വിവാദങ്ങളിൽനിന്ന് ഒരാളെ സംരക്ഷിക്കണമെന്നില്ലെന്നതിന് ജെൻസന്റെ ഇപ്പോഴത്തെ സാഹചര്യം ഉദാഹരണമായി മാറുകയാണ്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വിശ്വാസ്യതയ്ക്കാണ് ആരോപണങ്ങൾ തിരിച്ചടിയായിരിക്കുന്നത്.
ആലീസ് ഹുവാങ്ങിന് സിംഗപ്പൂരിൽ യാത്രാവിലക്ക്
അതിനിടെ, ജെൻസൻ ഹുവാങ്ങിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരാമർശിക്കപ്പെടുന്ന ആലീസ് ഹുവാങ്ങിനെതിരെ സിംഗപ്പൂരിൽ യാത്രാവിലക്ക്. ചൈനീസ് ചാരവനിതയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസിനെതിരായ നടപടി പൊലീസ് അന്വേഷണത്തിനൊടുവിലാണ്.
പൊലീസിന് തെറ്റായ വിവരങ്ങൾ നൽകിയെന്നതും കയറ്റുമതി നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചെന്ന സംശയവുമാണ് അന്വേഷണത്തിന് ആധാരമായത്. മെഗാസ്പീഡ് കമ്പനിയിലെ തന്റെ പങ്കാളിത്തം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് ആലീസിന് കർശന താക്കീത് നൽകുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
അതേസമയം, അന്വേഷണം ചാരപ്രവർത്തനവുമായി ബന്ധപ്പെട്ടതല്ലെന്ന് സിംഗപ്പൂർ അധികൃതർ വ്യക്തമാക്കി. ആലീസുമായി ബന്ധമുള്ള കമ്പനികൾക്ക് പ്രമുഖ ചൈനീസ് എഐ സ്ഥാപനമായ ഡീപ്സീക്കിൽ നിക്ഷേപമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സാങ്കേതിക ലോകത്തെ അതികായനായി ഉയർന്ന ജെൻസൻ ഹുവാങ്ങിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.










