
കർണാടകത്തിൽ മാത്രമേ ജെഡിഎസ് എന്ന പാർട്ടിയ്ക്ക് നിലവിൽ നിർണ്ണായക ജനസ്വാധീനമുള്ളൂ. പാർട്ടി അണികളുടെ പൊതുതാല്പര്യത്തിനും മതേതര കാഴ്ചപ്പാടിനും വിരുദ്ധമായി ബിജെപിയുമായി സഖ്യത്തിലാണ് ആ പാർട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ (2023) ഒറ്റയ്ക്ക് മത്സരിച്ച ജെഡിഎസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. നിലനിൽപ്പിന്റെ ഭാഗമായാണ് ദേശീയ പ്രസിഡന്റ് ദേവഗൗഡയും മകൻ കുമാരസ്വാമിയും മുൻകയ്യെടുത്ത് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. എം എൽ എ ആയിരിക്കുമ്പോൾ തന്നെ മന്ധ്യയിൽ നിന്ന് ലോകസഭയിലേക്ക് ജയിക്കാനും കേന്ദ്രമന്ത്രിസഭയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുക്കാനും കുമാരസ്വാമിയ്ക്ക് കഴിഞ്ഞു.എംഎൽഎ സ്ഥാനം അദ്ദേഹം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ആ സീറ്റ് കോൺഗ്രസ്സ് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള നേതാവും മന്ത്രിയുമാണ് കുമാരസ്വാമി. ഘന വ്യവസായ- സ്റ്റീൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം പല മന്ത്രിസഭാ ഉപസമിതികളിലും അംഗമാണ്. ജെഡിഎസ്സിന്റെ ദേശീയ അധ്യക്ഷപദവി വഹിക്കുന്ന പിതാവ് മുൻ പ്രധാനമന്ത്രി ദേവഗൗഡ പ്രായാധിക്യത്തിന്റെയും അനുബന്ധ അസുഖങ്ങളുടെയും പ്രയാസങ്ങൾ നിമിത്തം ഏറെ സമയവും വിശ്രമത്തിലാണ്. കുമാരസ്വാമി തന്നെയാണ് പാർട്ടി കാര്യങ്ങൾ നോക്കുന്നത്. അതാകട്ടെ കർണാടകത്തിൽ ഒതുങ്ങിനിൽക്കുകയും ചെയ്യുന്നു. നേതൃത്വങ്ങൾ സഖ്യമുണ്ടാക്കിയെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗത്തും അണികൾ തമ്മിൽ താദാത്മ്യം പ്രാപിച്ചിട്ടില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിൽ ഒരു വിഭാഗം നേതാക്കളും അണികളും അസംതൃപ്തരാണ്. അവരെയൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പാർട്ടിയെ ഒറ്റക്കെട്ടായി നിർത്തുന്നത് കുമാരസ്വാമി തന്നെയാണ്. ഗ്രേറ്റർ ബംഗളുരു അതോറിറ്റി (ജി ബി എ ) ആയി മാറിയ ബംഗളുരു നഗരസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയുമായി ചേർന്ന് മത്സരിക്കണമോ അതല്ല ഒറ്റയ്ക്ക് നേരിടണമോ എന്ന ചിന്ത പാർട്ടിയിലുണ്ട്. ചില പരസ്യ പ്രതികരണങ്ങൾ അതുമായി ബന്ധപ്പെട്ട് വന്നിട്ടുമുണ്ട്. ബിജെപിയ്ക്ക് തനിച്ച് അധികാരം പിടിക്കാൻ ശക്തിയുണ്ടെന്ന് ഏതാനും ദിവസം മുമ്പ് മുതിർന്ന ബിജെപി നേതാവ് യഡിയൂരപ്പ വ്യക്തമാക്കിയത് ജെഡിഎസ്സ് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ ബിജെപിയുമായുള്ള ബന്ധം സുദൃഢമാണെന്നും എൻഡിഎ എന്ന നിലയിലാണ് എല്ലാ തെരഞ്ഞെടുപ്പുകളെയും നേരിടുകയെന്നും കുമാരസ്വാമി വ്യക്തമാക്കി. ജിബിഎ പരിധിയിൽ വരുന്ന 28 നിയമസഭാമണ്ഡലങ്ങളിലെ ജെഡിഎസ്സ് നേതാക്കളുമായും അദ്ദേഹം നേരിട്ട് സംസാരിച്ചു. എൻ ഡി എ ആയിട്ടാണ് കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും ചെയ്യേണ്ടതെന്ന് അദ്ദേഹം അവരോട് വിശദീകരിച്ചു. ജിബിഎ പിടിച്ചടക്കാനാണ് ബിജെപി ഒരുങ്ങുന്നത്. അതിൽ ജെഡിഎസ്സിന്റെ പങ്കും നേട്ടവും എന്താകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Photo Courtesy - Google











