
1996 ൽ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദം കരഗതമായതോടെയാണ് കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡ ദേശീയ നേതാവായി ഉയർന്നത്. തന്റെ സ്ഥാനലബ്ധിയെ ചോദ്യം ചെയ്ത രാമകൃഷ്ണ ഹെഗ്ഡെയെ ജനതാദളിൽ നിന്ന് പുറത്താക്കാൻ ദേവഗൗഡയ്ക്ക് കഴിഞ്ഞു. എന്നാൽ കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതിനാൽ ഏതാനും മാസമേ പ്രധനമന്ത്രി പദവിയിലിരിക്കാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ. ജനതാദളിൽ തന്നെ ദേശീയ അധ്യക്ഷൻ ശരത് യാദവും അദ്ദേഹത്തെ പിന്തുണക്കുന്നവരും ദേവഗൗഡയുമായി തെറ്റിയിരുന്നു. കർണാടകത്തിൽ ദേവഗൗഡ മാറിയപ്പോൾ രാമകൃഷ്ണ ഹെഗ്ഡെയുടെ ആശീർവാദത്തോടെ പകരം മുഖ്യമന്ത്രിയായ ജെ എച്ച് പാട്ടീൽ എൻഡിഎയുടെ ഭാഗമായത് ജനതാദളിൽ സംഘർഷം സൃഷ്ടിച്ചിരുന്നു. 1999ൽ ജനതാദൾ പിളർന്ന് ദേവഗൗഡ രൂപീകരിച്ചതാണ് ജനതാദൾ എസ്സ് അഥവാ ജെഡിഎസ്. കർണാടകത്തിന് പുറമെ കേരളത്തിലും അരുണാചൽ പ്രദേശിലുമാണ് ജെഡിഎസിന് സ്വാധീനമുണ്ടായിരുന്നത്. സിദ്ധരാമയ്യയായിരുന്നു കർണാടകത്തിൽ ജെഡിഎസിന്റെ പ്രമുഖ നേതാവ്. ദേവഗൗഡയുടെ മകൻ കുമാരസ്വാമി പാർട്ടിനേതൃത്വത്തിൽ കൈകടത്തുന്നതിൽ പ്രതിഷേധിച്ച് 2005 ൽ സിദ്ധരാമയ്യ ജെഡിഎസ് വിട്ട് കോൺഗ്രസ്സിൽ ചേർന്നു. പാർട്ടി രൂപീകരിച്ചതുമുതൽ ദേവഗൗഡയാണ് ജെഡിഎസിന്റെ ദേശീയ പ്രസിഡന്റ്. രജതജുബിലി ആഘോഷിക്കുന്ന ജെഡിഎസ് ദുർബ്ബലമാണ്. ബിജെപിയുമായി കൂട്ടുചേർന്നാണ് പാർട്ടി കർണാടകത്തിൽ പ്രവർത്തിക്കുന്നത്. അതിന്റെ പ്രശ്നം ഇടതുമുന്നണിയുടെ ഭാഗമായ, രണ്ട് എംഎൽഎമാരുള്ള കേരളഘടകത്തിലുമുണ്ട്. ദേവഗൗഡ ദേശീയ അധ്യക്ഷനായും കേന്ദ്രമന്ത്രിയായ കുമാരസ്വാമി കർണാടക സംസ്ഥാന അധ്യക്ഷനായും തുടരുമെന്നാണ് ജെഡിഎസ് നാഷണൽ എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുള്ളത്. കുമാരസ്വാമിയുടെ മകൻ നിഖിലിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം ദേവഗൗഡ തത്കാലം മാറ്റിവെച്ചിരിക്കുകയാണ്. ജെഡിഎസിൽ ആയിരുന്നെങ്കിൽ തനിക്ക് ഒരിക്കലും മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നില്ലെന്ന് സിദ്ധരാമയ്യ ഈയ്യിടെ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ്സിൽ ചേർന്നതിന് ശേഷമാണ് രണ്ടു തവണ അദ്ദേഹം മുഖ്യമന്ത്രിയായത്. "എന്റെ കീഴിലാണ് സിദ്ധരാമയ്യ രാഷ്ട്രീയം പഠിച്ചത്. പല ഉയർന്ന സ്ഥാനങ്ങളും ഞാൻ അദ്ദേഹത്തിന് നൽകിയിരുന്നു. പക്ഷെ സിദ്ധരാമയ്യയെ വിശ്വസിക്കാൻ കൊള്ളില്ല. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് സോണിയാഗാന്ധിയോട് ശുപാർശ ചെയ്തത് ഞാനാണ്. അതെല്ലാം മറന്നുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ സംസാരിക്കുന്നത് " ദേവഗൗഡ കുറ്റപ്പെടുത്തി. കുടുംബപാർട്ടിയായി ചുരുങ്ങിപ്പോയ ജെഡിഎസ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അതിനെ നയിക്കുന്നത് 92 കാരനായ ദേവഗൗഡ തന്നെയാണെന്നുള്ളത് ആശ്ചര്യകരമായി തോന്നാം.
Photo Courtesy - Google











