03:06pm 21 July 2026
NEWS
ബിഡദിയിൽ നിന്ന് ബംഗളുരുവിലെ ഫ്രീഡം പാർക്കിലേക്ക് കർഷകരുടെ പദയാത്ര നടത്താൻ ജെഡിഎസ്‌.
20/07/2026  12:05 PM IST
വിഷ്ണുമംഗലം കുമാർ
ബിഡദിയിൽ നിന്ന് ബംഗളുരുവിലെ ഫ്രീഡം പാർക്കിലേക്ക് കർഷകരുടെ പദയാത്ര നടത്താൻ ജെഡിഎസ്‌

കർണാടകം: മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയായ ബിഡദി ടൗൺഷിപ്പ് പ്രൊജക്റ്റ് സംസ്ഥാനത്ത് ഗൗരവമേറിയ രാഷ്ട്രീയപ്രശ്നമായി മാറിയിരിക്കയാണ്. ഭൂമി വിട്ടുകൊടുക്കാൻ കൃഷിക്കാരായ പ്രാദേശികവാസികൾ തയ്യാറാകാത്തതാണ് ഗവണ്മെന്റിനെ അലട്ടുന്നത്. കർഷകരുടെ എതിർപ്പ് ശക്തിയാർജ്ജിക്കുകയാണ്. ജെഡിഎസ്സും ബിജെപിയും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സമര രംഗത്തിറങ്ങിയതാണ് മുഖ്യമന്ത്രിയ്‌ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഒരു വിഭാഗം കോൺഗ്രസുകാർക്കും ടൗൺഷിപ്പ് പദ്ധതിയോട് എതിർപ്പുണ്ടെങ്കിലും ആരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഉപമുഖ്യമന്ത്രി ഡോ: ജി പരമേശ്വറും പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും പരോക്ഷ പ്രതികരണങ്ങൾ നടത്തിയിരുന്നെന്ന് മാത്രം. പ്രതിഷേധത്തിന്റെ നേതൃത്വം ജെഡിഎസ്സ് ഏറ്റെടുത്തുകഴിഞ്ഞു. ഈ മാസം മുപ്പതിന് ബിഡദിയിൽ നിന്നും ബംഗളുരുവിലെ ഫ്രീഡം പാർക്കിലേക്ക് പദയാത്ര നടത്തുമെന്ന് ജെഡിഎസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സമരങ്ങൾ നടക്കുന്ന പൊതുവേദിയാണ് ഫ്രീഡം പാർക്ക്. നൂറുകണക്കിന് കൃഷിക്കാർ പങ്കെടുക്കുന്ന പദയാത്ര ഇരുപത്തിയാറു ഗ്രാമങ്ങളിലൂടെ കടന്നുപോയി ആഗസ്റ്റ് അഞ്ചിനാണ് ഫ്രീഡം പാർക്കിൽ എത്തിച്ചേരുക. മുപ്പതിന് കേന്ദ്രമന്ത്രി കുമാരസ്വാമി ഫ്ലാഗ് ഓഫ്‌ ചെയ്യും. മകനും യുവനേതാവുമായ നിഖിൽ നേതൃത്വം നൽകും. പദ്ധതി ബാധിക്കുന്ന കഞ്ചഗരഹള്ളിയിൽ നിന്ന് ഹൊസൂർ വരെ പതിനൊന്ന് കിലോമീറ്റർ ദൂരം നിഖിൽ ഇതിനകം മറ്റൊരു പദയാത്ര നടത്തിയിരുന്നു. പദയാത്ര ഫ്രീഡം പാർക്കിലെത്തുമ്പോൾ മുൻ പ്രധാനമന്ത്രി വന്നെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദേവഗൗഡയുടെ പത്നി ചെന്നമ്മ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്ന അവർക്ക് എൺപത്തൊൻപത് വയസ്സുണ്ടായിരുന്നു. ദേവഗൗഡ- ചെന്നമ്മ ദമ്പതികൾക്ക്  കുമാരസ്വാമി അടക്കം ആറുമക്കളാണ്. പദയാത്ര ആരംഭിക്കുന്നതിന് മുമ്പ് അവരുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ കുമാരസ്വാമിയ്ക്കും മറ്റുള്ളവർക്കും കഴിയുമോ എന്ന് വ്യക്തമല്ല. പത്നിയുടെ വിയോഗം പൊതുപരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ വന്ദ്യവയോധികനായ ദേവഗൗഡയെ പ്രേരിപ്പിക്കുമോ എന്നുമറിയില്ല. പ്രതിഷേധങ്ങൾ വെട്ടിലാക്കിയിരിക്കുന്നത് മുഖ്യമന്ത്രിയെയാണ്. പദ്ധതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അദ്ദേഹം ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. കർഷകരുടെ എതിർപ്പ് രൂക്ഷമാവുകയും ഹൈക്കമാണ്ടിൽ നിന്ന് ഗ്രീൻ സിഗ്നൽ കിട്ടാതാവുകയും ചെയ്താൽ ഈ പദ്ധതി മുഖ്യമന്ത്രിയ്‌ക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img