
നടൻ ജയൻ ചേർത്തലയുടെ രാഷ്ട്രീയ നിലപട് മാറ്റമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. സിപിഐക്കാരനായ താരം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ജയൻ ചേർത്തല ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങളാണ് താരത്തിന്റെ പാർട്ടിമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് ആക്കംകൂട്ടിയിരിക്കുന്നത്. നിലവിൽ സിപിഐ മെമ്പർഷിപ്പുണ്ടെങ്കിലും താൻ നിശബ്ദനാണെന്ന് താരം അഭിമുഖത്തിൽ പറയുന്നു. സിപിഐ നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ജയൻ ചേർത്തല തുറന്നുപറയുന്നുണ്ട്.
ചില കാഴ്ചപ്പാടുകളോട് യോജിക്കാൻ കഴിയുന്നില്ലെന്ന് ജയൻ ചേർത്തല പറയുന്നു, മറ്റൊരു പാർട്ടിയിലേക്കും പോയിട്ടില്ലെന്നും അനുയോജ്യമായ സമയം വരുമ്പോൾ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോൺഗ്രസിലേക്കാകും തന്റെ പോക്ക് എന്ന സൂചനയും ജയൻ ചേർത്തല നൽകുന്നുണ്ട്. കെ സി വേണുഗോപാലുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും തങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ടെന്നും ജയൻ ചേർത്തല പറയുന്നു. കോൺഗ്രസുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജയൻ ചേർത്തലയുടെ വാക്കുകൾ ഇങ്ങനെ:
'സിപിഐ ബ്രാഞ്ച് കമ്മിറ്റിയംഗമായി തുടരുന്നുണ്ട്. പക്ഷെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചില കാഴ്ചപ്പാടുകളോട് യോജിക്കാൻ കഴിയുന്നില്ല. കുറച്ച് അതൃപ്തിയുണ്ടാകുമ്പോൾ മാറി നിൽക്കുന്നതാണ് നല്ലത്. ഒരു ചാനലിൽ പോയിട്ട് നേതാക്കളെ കുറ്റം പറയാനൊന്നും ഞാൻ തയ്യാറല്ല. എനിക്ക് ചില കാര്യങ്ങളിൽ ചേർച്ചക്കുറവ് തോന്നിയിട്ടുണ്ട്. അത് ഞാൻ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതിനുളള പരിഹാരം ഒരു ചോദ്യം ചിഹ്നമായി . നേതാക്കളെ തിരുത്താനുളള ശക്തി എനിക്കില്ല. അതുകൊണ്ട് മാറി നിൽക്കാം. വേറൊരു പാർട്ടിയിലേക്ക് പോയിട്ടില്ല. പാർട്ടിയുടെ സമവാക്യങ്ങൾ തെറ്റിയതായി തോന്നിയിട്ടുണ്ട്. കോൺഗ്രസുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ എന്നെ ക്ഷണിച്ചിരുന്നു. പക്ഷെ പോകാൻ സാധിച്ചില്ല. കെ സി വേണുഗോപാലുമായി എനിക്ക് വ്യക്തിപരമായി ബന്ധങ്ങളുണ്ട്. ഞങ്ങൾ പാർട്ടിപരമായി സംസാരിക്കാറുണ്ട്. അനുയോജ്യമായ സമയം വരുമ്പോൾ തീരുമാനം എടുക്കും.അമ്മയുടെ പ്രസിഡന്റാകാൻ താരപരിവേഷമുളള ഒരാൾ തന്നെയാണ് വേണ്ടത്. അതിന് മോഹൻലാലിനെ പോലൊരു വ്യക്തി തന്നെ വരണം. എന്ത് ചെയ്തായും ആത്മാർത്ഥതോടെയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ലാലേട്ടനും മമ്മൂക്കയും സുരേഷ്‌ഗോപിയും മുൻകൈ എടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അവരാണ് നയിക്കേണ്ടത്. തീരുമാനം എടുക്കേണ്ടതും അവരാണ്'- ജയൻ ചേർത്തല പറഞ്ഞു.











