
ബംഗളുരു: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനകേസ്സിന്റെ വിചാരണ ബംഗളുരുവിലെ പ്രത്യേക സിബിഐ കോടതിയിലാണ് നടന്നത്. ദേശീയ ശ്രദ്ധ ആകർഷിച്ച ആ കേസ്സിൽ ജയലളിതയും സഹായികളും കുറ്റക്കാർ ആണെന്നുള്ള പ്രത്യേക കോടതിവിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. സഹായികൾ ശിക്ഷിക്കപ്പെട്ടപ്പോൾ അതിനകം മരണമടഞ്ഞ ജയലളിത ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. കേസ്സിന്റെ പേരിൽ കണ്ടുകെട്ടിയ സ്വത്തുവകകളും സാധന സാമഗ്രികളും തമിഴ്നാട് ഗവണ്മെന്റിന് നൽകാനുള്ള പ്രത്യേക കോടതി ഉത്തരവും സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ജയലളിതയുടെ ബന്ധുക്കളായ ജെ. ദീപ, ജെ ദീപക് എന്നിവർ അവകാശ വാദമുന്നയിച്ചിരുന്നതിനാൽ ആ കൈമാറ്റം തടസ്സപ്പെട്ടു. ഈ മാസം പതിമൂന്നിന് ബന്ധുക്കളുടെ അവകാശവാദം കർണാടക ഹൈക്കോടതി തള്ളിയിരുന്നു. അതേ തുടർന്ന് സ്വത്തുവകകളും മറ്റും തമിഴ് നാട് ഗവണ്മെന്റിന് കൈമാറാൻ പ്രത്യേക കോടതി ഉത്തരവിട്ടു. അടുത്ത മാസം പതിനാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ പ്രതിനിധികളെ ഹാജരാക്കാൻ തമിഴ്നാട് ഗവണ്മെന്റിന് പ്രത്യേക കോടതി നിർദ്ദേശം നൽകി. ചെന്നൈ പോയസ് ഗാർഡനിലെ ജയലളിതയുടെ ഭവനമായിരുന്ന വേദനിലയം, ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഭൂസ്വത്തുകൾ, എസ്റ്റേറ്റുകൾ, കോടിക്കണക്കിന് രൂപ വിലവരുന്ന സ്വർണ്ണം,വജ്രം, വെള്ളി ആഭരണങ്ങൾ, ആഡംബര വസ്തുക്കൾ, വസ്ത്രങ്ങൾ, ബാങ്ക് ഡിപ്പോസിറ്റുകൾ തുടങ്ങി കേസ്സിന്റെ പേരിന്റെ കണ്ടുകെട്ടിയ എല്ലാ വസ്തുക്കളും കോടതി തമിഴ്നാടിന് കൈമാറും. ജയലളിത സമ്പാദിച്ചുകൂട്ടിയ സ്വത്തുവകകൾ തിരിച്ചെത്തുമ്പോൾ തമിഴ്നാട് ഭരിക്കുന്നത് അവരുടെ ശത്രുപക്ഷത്തായിരുന്ന ഡി എം കെ ആണെന്ന കൗതുകം നിലനിൽക്കുന്നുണ്ട്. ജയലളിത നയിച്ചിരുന്ന എഡിഎംകെ തളർന്നുകിടക്കുകയാണ്. ജയലളിതയുടെ പ്രിയ തോഴിയും കേസ്സിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ കൂട്ടുപ്രതിയുമായ ശശികല മുഖ്യധാരയിൽ ഇല്ലതാനും. ജയലളിതയുടെ അഭാവത്തിൽ മുഖ്യമന്ത്രിയാകാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി അശ്രാന്തം പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് ചിന്നമ്മ എന്നറിയപ്പെട്ടിരുന്ന ശശികല. അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷം തടവുശിക്ഷ അനുഭവിച്ച ശശികല 2021ൽ കോവിഡ് കാലയളവിലാണ് മോചിതയായത്.
Photo Courtesy - Google











