08:51pm 19 October 2026
NEWS
വണ്ടൂരിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം; ഒരാൾ മരിച്ചു
17/10/2026  09:49 AM IST
nila
വണ്ടൂരിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം; ഒരാൾ മരിച്ചു

മലപ്പുറം: വണ്ടൂർ ടൗണിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത വർധിപ്പിച്ചു. നിലവിൽ 18 പേർ ചികിത്സയിലുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഒക്ടോബർ 3 മുതൽ 18 വരെ വണ്ടൂർ മഞ്ചേരി റോഡിലെ പുതിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിലാണ് രോഗബാധ കണ്ടെത്തിയത്. ഒക്ടോബർ 11ന് ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തുകളിലുള്ളവരിലേക്കും രോഗം വ്യാപിച്ചതായാണ് റിപ്പോർട്ട്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പഞ്ചായത്തുകളിൽ വീടുകൾതോറും കയറിയുള്ള ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതിനിടെ, വണ്ടൂർ നഗരത്തിലും ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കി. നഗരത്തിലെ റസ്റ്ററന്റുകൾ, കൂൾബാറുകൾ, കാന്റീനുകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നഗരസഭയുടെ സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയ ഏതാനും സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.

നഗരസഭ ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നേതൃത്വത്തിലുള്ള രണ്ട് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img