
ജാസ്മിൻ ജാഫറിൻറെ റീൽ ചിത്രീകരണത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തുന്നതിനെ വിമർശിച്ച് സംവിധായിക ഐഷ സുൽത്താന. റീൽസ് ചിത്രീകരിക്കാൻ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നതെന്ന് ഐഷ ചൂണ്ടിക്കാട്ടുന്നു. ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം എന്ന് ഐഷ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.
'ഈ ഒരു കാര്യത്തിൽ കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്... ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? എനിക്ക് ഈ കാര്യത്തിൽ വലിയ അറിവില്ലാത്തത് കൊണ്ട് ഇതിനെപറ്റി അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണം... കുളത്തിന് ഈ അവസ്ഥയാണെങ്കിൽ ആ കടലിന്റെ ഒരു അവസ്ഥയെ,' ഐഷ കുറിച്ചു.
റീൽസ് ചിത്രീകരിച്ചതിൽ ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു.











