01:30pm 01 August 2026
NEWS
രാഷ്ട്രീയ ബാലിസ്റ്റിക് മിസൈലുകളുമായി ജാർക്കിഹോളി; ഡി കെ ശിവകുമാർ ദുർബ്ബലനാകുന്നു
17/06/2025  11:56 AM IST
വിഷ്ണുമംഗലം കുമാർ
രാഷ്ട്രീയ ബാലിസ്റ്റിക് മിസൈലുകളുമായി ജാർക്കിഹോളി; ഡി കെ ശിവകുമാർ ദുർബ്ബലനാകുന്നു

ബംഗളുരു: കർണാടകത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഉറച്ച പിന്തുണ നൽകുന്നവരിൽ ഏറ്റവും കരുത്തനാണ് ദളിത്‌ നേതാവും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽ ഉറപ്പിച്ചുനിർത്തുന്ന അഹിന്ദ ഗ്രൂപ്പിലെ പ്രധാനിയാണ് ജാർക്കിഹോളി. വടക്കൻ കർണാടകത്തിലെ ബെളഗാവിയിൽ നിന്നുള്ള ഈ നേതാവിനോടൊപ്പം നാൽപ്പതോളം എംഎൽഎമാരുണ്ടെന്നാണ് കരുതപ്പെടുന്നത്. 2028 ൽ അഞ്ചുവർഷം പൂർത്തിയാകും വരെ മുഖ്യമന്ത്രി മാറില്ല, മറ്റുചില മാറ്റങ്ങളുണ്ടാകും എന്ന് ജാർക്കിഹോളി വ്യക്തമാക്കുമ്പോൾ അതിന് പല മാനങ്ങളുണ്ട്. ദളിത്‌ മുഖ്യമന്ത്രിയും ഇത്തവണ ഉണ്ടാവില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഹൈക്കമാണ്ടുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിപദവി മോഹിക്കുന്ന ദളിത്‌ നേതാക്കളിൽ പ്രമുഖൻ ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയാണ്. എന്നാൽ കോൺഗ്രസ്സ് നിയമസഭാ കക്ഷിയിൽ അദ്ദേഹത്തിന് വേണ്ടത്ര സ്വാധീനമില്ല. ഹൈക്കമാണ്ടിന്റെ പിന്തുണയുമില്ല. ജാർക്കിഹോളിയ്ക്കും ആ മോഹം കലശലായുണ്ട്. എന്നാൽ അദ്ദേഹം ആ മോഹം അടക്കിവെക്കുന്നത് ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ്. അടുത്ത തവണ കോൺഗ്രസ്സിന് ഭരണം കിട്ടിയാൽ സിദ്ധരാമയ്യയുടെ പിന്തുണയോടെ മുഖ്യമന്ത്രി യാവുകയാണ് ജാർക്കിഹോളിയുടെ ലക്ഷ്യം.അതിനായുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കുകയാണ് അദ്ദേഹം. അതിന്റെ ആദ്യപടിയായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ദുർബ്ബലനാക്കാനാണ് ജാർക്കിഹോളി പദ്ധതിയിടുന്നത്. ശിവകുമാർ ഒരുകാരണവശാലും മുഖ്യമന്ത്രിയാകരുതെന്ന് ജാർക്കിഹോളി ശഠിക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയോദ്ദേശ്യം മാത്രമല്ല, വ്യക്തിപരമായ കാരണങ്ങളുമുണ്ട്. 2023 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയപ്പോൾതന്നെ മുഖ്യമന്ത്രിയാകാൻ അങ്ങേയറ്റം പരിശ്രമിച്ച നേതാവാണ് ശിവകുമാർ. പക്ഷെ സാധിച്ചില്ല.ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ടു പ്രധാനവകുപ്പുകളും കൊടുത്തതിന് പുറമെ പിസിസി അധ്യക്ഷപദവിയിൽ തുടരാൻ അനുവദിക്കുകയും ചെയ്താണ് ഹൈക്കമാണ്ട് അന്ന് ശിവകുമാറിനെ അനുനയിപ്പിച്ചത്.രണ്ടരകൊല്ലം തികയുമ്പോൾ സിദ്ധരാമയ്യയെ മാറ്റി മുഖ്യമന്ത്രിയാക്കാം എന്ന ഉറപ്പും ചില കേന്ദ്രങ്ങൾ ശിവകുമാറിന് നൽകിയിരുന്നത്രെ. രണ്ടരക്കൊല്ലം പൂർത്തിയാകുന്നത് ഇക്കൊല്ലം ഒക്ടോബറിലാണ്. എന്നാൽ മുഖ്യമന്ത്രിസ്ഥാനം കൈമാറാമെന്ന സൂചനയൊന്നും സിദ്ധരാമയ്യ നൽകുന്നില്ല. അദ്ദേഹം താല്പര്യപ്പെട്ടാലും ജാർക്കിഹോളി അതിന് സമ്മതിക്കില്ല. രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ ഒരു ബലപരീക്ഷണത്തിനുള്ള കരുത്ത് പാർട്ടിയിൽ ശിവകുമാറിന് ഇപ്പോഴില്ല. സുപ്രധാനപദവികൾ ശിവകുമാർ കൈവശം വെക്കുന്നതിൽ മുതിർന്ന പല നേതാക്കൾക്കും അതൃപ്തിയുണ്ട്.ലോകസഭാ തെരഞ്ഞെടുപ്പ് വരെ പിസിസി അധ്യക്ഷപദവിയിൽ തുടരാനാണ് നേതൃത്വം ശിവകുമാറിനെ അനുവദിച്ചിരുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുവർഷത്തിലേറെയായി. പുതിയ അധ്യക്ഷൻ വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ശിവകുമാറും മൈസൂരു മേഖലയിൽ നിന്നുള്ളവരാണ്. വടക്കൻ കർണാടകയ്ക്ക് പാർട്ടിയിൽ അർഹമായ പ്രതിനിധ്യമില്ലെന്ന പ്രശ്നം നിലനിൽക്കുന്നു. പിസിസി അധ്യക്ഷനാക്കിയാൽ മന്ത്രിസ്ഥാനമൊഴിയാമെന്ന് ഹൈക്കമാണ്ടിനെ ധരിപ്പിച്ചിരിക്കുകയാണ് ജാർക്കിഹോളി. ദളിത്‌ മുഖ്യമന്ത്രി എന്ന ആശയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയാൽ വൊക്കലിഗനായ ശിവകുമാറിന് മുഖ്യമന്ത്രിയാകാനുള്ള വിദൂരസാധ്യത പോലും ഇല്ലാതാക്കാനാണ് പിസിസി അധ്യക്ഷപദവി പിടിച്ചുവാങ്ങി അടുത്ത തവണ ദളിത്‌ മുഖ്യമന്ത്രി എന്ന ലക്ഷ്യത്തിന് കരുത്തുപകരാൻ ജാർക്കിഹോളി രാഷ്ട്രീയ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുന്നത്. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചാലേ പിസിസി അധ്യക്ഷപദവി ഒഴിയൂ എന്ന നിലപാടുമായി ശിവകുമാറിന് ഇനി ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. സിദ്ധരാമയ്യയും ജാർക്കിഹോളിയും അഹിന്ദയുടെ മറവിൽ നിഗൂഢ രാഷ്ട്രീയ യുദ്ധതന്ത്രങ്ങൾ മെനയുമ്പോൾ ശിവകുമാറിന്റെ സ്വപ്നങ്ങളാണ് കരിയുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img