01:45pm 09 November 2026
NEWS
ജർബറയിൽ തളിരിട്ട ജീവിതം.
12/05/2025  12:21 PM IST
എൻ.സി.
ജർബറയിൽ തളിരിട്ട ജീവിതം
HIGHLIGHTS

നീളൻ പൂത്തണ്ടിന്റെ അറ്റത്ത് വിവിധ വർണ്ണങ്ങളിൽ നിറയെ ഇതളുകളുമായി ഉദയസൂര്യനെപ്പോലെ വിടർന്നുനിൽക്കുന്ന ജർബറപ്പൂക്കളെ ആരാണ് ഇഷ്ടപ്പെടാത്തത്, നിഷ്‌ക്കളങ്കതയുടേയും പരിശുദ്ധിയുടേയും പ്രതീകമായ ജർബറ നമ്മുടെ സൂര്യകാന്തി വർഗ്ഗത്തിൽപ്പെട്ടതാണ്.

ലോകത്തിൽ ഇന്ന് പ്രചാരത്തിലുള്ള അഞ്ചാമത്തെ പ്രധാന പൂവാണ് ജർബറ. വിപണിയിൽ സീസൺ വ്യത്യാസമില്ലാതെയും നാലഞ്ചുദിവസം നിറം മങ്ങാതെയും വാടാതെയും നിലനിൽക്കുന്നതിനാൽ അലങ്കാരപ്പൂക്കൾക്കിടയിൽ ജർബറ എന്നും പ്രിയങ്കരിയാണ്.

ഹലോ.. ഹായ് ഞാൻ റീംസ്, കഴക്കൂട്ടത്തിനടുത്തുള്ള സെന്റ് ആൻഡ്രൂസ് ഗ്രാമത്തിലെ സിറിൾ ആഞ്ചലോസ് ഗോമസിന്റെയും മേരിക്കുട്ടി സിറിളിന്റെയും മകൾ.  റീംസ് സ്വയം പരിചയപ്പെടുത്തി.

കറുപ്പും ചുവപ്പും നിറത്തിലുള്ള വുള്ളൻ നൂലുകൊണ്ട് തുന്നിയെടുത്ത തൊപ്പി ധരിച്ച് ചിരിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ സജീവമായ ഇൻഫ്‌ളുവൻസറും യൂ ട്യൂബറും ബിസിനസ്സുകാരിയുമായ റീംസിനെ പലർക്കും അറിയാം. അവരുടെ വിശേഷങ്ങളാണ് ‘മഹിളാരത്‌നം’ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

ചുറ്റിലും ഒന്ന് കണ്ണോടിക്കാം

ചെടികളെയും പൂക്കളേയും എല്ലാവരും ഇഷ്ടപ്പെടില്ലേ.. ചെടികൾ ഇഷ്ടപ്പെടുന്നവർ അവരവരുടെ വീട്ടിൽ സന്തോഷത്തിനായി വളർത്തുന്ന ചെടികളിൽ നിന്നും അല്ലെങ്കിൽ ചുറ്റുമുള്ള പാഴ്‌വസ്തുക്കൾ എന്നുപറഞ്ഞ് നമ്മൾ കളയുന്ന വസ്തുക്കളിൽ നിന്നും എങ്ങനെയൊക്കെ വരുമാനം ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചൊക്കെ പഠിപ്പിച്ച് കൊടുക്കുകയും തൊഴിൽരഹിതരായ പ്രത്യേകിച്ച് വീട്ടമ്മമാരെ സ്വയംപര്യാപ്തതയിൽ എത്തിക്കാൻ മുതിരുകയാണ് റീംസ്. ഫേസ് ബുക്ക്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം, അതുപോലെ ആമസോൺ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ എങ്ങനെ നിങ്ങൾക്ക് വരുമാനം കണ്ടെത്തിത്തരാം എന്നതിനെക്കുറിച്ചാണ് ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കുക. നാം പാഴ്‌വസ്തുക്കൾ എന്നുപറഞ്ഞ് തൂത്തുവാരി തീയിട്ടു കളയുന്ന, അല്ലെങ്കിൽ പറിച്ചുകളയുന്ന പല വസ്തുക്കളിൽ നിന്നും നമുക്ക് ലക്ഷങ്ങൾ വരെ സമ്പാദിക്കാം. ഉദാഹരണത്തിന് ബദാം ലീഫ്, ഞൊട്ടാഞൊടിയൻ, തൊട്ടാവാടി ഇതിന്റെയൊക്കെ ആമസോൺ റേറ്റ് ഒന്ന് നോക്കിയാൽ നിങ്ങൾക്കത് മനസ്സിലാകും. ഇങ്ങനെയൊരു ഐഡിയ എന്നിലെത്തിച്ചത് എന്റെ കൂട്ടുകാരിയാണ്. എന്റെ കുടെ പഠിച്ച കൂട്ടുകാരിയെക്കുറിച്ചാണ് ഞാൻ പറയുന്നത്. പഠിക്കാൻ അവൾ മിടുക്കിയായിരുന്നു. നല്ല സാമ്പത്തികമുള്ള കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ അവൾക്ക് നല്ലപോലെ പോക്കറ്റ് മണിയൊക്കെ കിട്ടുമായിരുന്നു. സ്‌ക്കൂൾ, കോളേജ് പഠനമെല്ലാം കഴിഞ്ഞു. ഞങ്ങൾ പലരും പല വഴിയേ പോയി. വർഷങ്ങൾ കഴിഞ്ഞു. ഇടയ്ക്ക് വല്ലപ്പോഴും വിളിക്കുകയോ മറ്റോ ചെയ്യും. പിന്നെ അതും ഇല്ലാതായി തുടങ്ങി. വല്ലപ്പോഴുമൊക്കെ ഞാൻ അവളെ ഓർക്കും.

ഒരു ദിവസം ഞാനെന്റെ ഔട്ട്‌ലെറ്റിലിരുന്ന് ചെടികൾ പാക്ക് ചെയ്യുന്നതിനിടയിലാണ് എന്റെ ഫോൺ ശബ്ദിച്ചത്. ഞാൻ ഫോണെടുത്തു.. റീംസ്... ഇത് ഞാനാണ് നിന്റെ.. ഇടറിയ ശബ്ദത്തോടെ എന്റെ ആ പഴയ കൂട്ടുകാരി സ്വയം പരിചയപ്പെടുത്തി.

റീംസ്.. എനിക്കൊരു നൂറ് രൂപ ഈ നമ്പരിലേക്ക് ജി പേ ചെയ്തുതരാമോ? അവൾ വിതുമ്പി. എനിക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഒന്നും അന്വേഷിക്കാതെ ഞാൻ നൂറ് രൂപ അയച്ചുകൊടുത്തു. അന്ന് രാത്രി അവൾ വീണ്ടും എന്നെ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു.

ഡിഗ്രി കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞശേഷം അവളുടെ വിവാഹം കഴിഞ്ഞു. കൂട്ടുകാരെ ആരെയും അറിയിക്കാൻ കഴിഞ്ഞില്ലെന്നും വിവാഹം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞ് ഗർഭിണിയായി. ജോലിക്കൊന്നും ശ്രമിക്കാതെ കുഞ്ഞിനേയും നോക്കിയിരുന്നു. സ്ഥിരമായി ജോലിക്ക് പോകാറില്ലെന്നും കിട്ടുന്ന വരുമാനം കൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഭർത്താവിന്റെ ബന്ധുക്കളോടൊപ്പം ഞാനും ഒന്നരവയസ്സുകാരനായ മകനുമൊപ്പം ഒരു കല്യാണത്തിന് പങ്കെടുത്ത് തിരിച്ചുവരുമ്പോൾ വഴിയരികിലെ കടയിൽ നിന്നും ബന്ധുക്കളുടെ കുട്ടികൾ മിഠായി വാങ്ങിക്കൊണ്ടിരിക്കുമ്പോൾ മകൻ മിഠായിക്കായി വാശി പിടിച്ചു. കയ്യിലുള്ള കാശ് നുള്ളിപ്പെറുക്കിയപ്പോൾ ആ മിഠായിയുടെ വിലയായില്ല. കടക്കാരൻ മിഠായിയെടുത്ത് മകന് കൊടുക്കുകയും ചെയ്തു. അപ്പോഴാണ് എന്നെ ഓർമ്മയിൽ വന്നതും കാശ് ചോദിച്ചതും. കല്യാണത്തിന് പോകുന്നതിനിടയിലാണ് എന്റെ റീൽസ് കാണാൻ അവൾ ഇടയായതും എന്റെ പുതിയ നമ്പർ കിട്ടിയതെന്നുമൊക്കെ അവൾ പറഞ്ഞു. അന്ന് രാത്രി ശരിക്കും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

ഇത്തരത്തിലുള്ളവരെ സഹായിക്കാൻ, എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന ചിന്തയിൽ നിന്നാണ് സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവർക്ക് കൂടി വരുമാനമാർഗ്ഗം കണ്ടെത്താനുള്ള മാർഗ്ഗത്തെക്കുറിച്ച് ചിന്തിച്ചതും അതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും.

എന്നെ പരിചയപ്പെട്ട ഒട്ടുമിക്ക സ്ത്രീകളും ഇപ്പോൾ അവരവരുടെ സ്വന്തം ആവശ്യങ്ങൾക്കുള്ള വരുമാനം നേടുന്നുണ്ടെന്ന് കേൾക്കുമ്പോൾതന്നെ മനസ്സിന് ഒരു  സന്തോഷം. റീംസിന്റെ കണ്ണുകൾ തിളങ്ങി. വെറുതെ ഒരു കൗതുകത്തിന് തുടങ്ങിയ ജർബറയിൽ നിന്നാണല്ലോ ഞാൻ ഇവിടംവരെ എത്തിയത്.

തുടക്കം ഇങ്ങനെ

കഴക്കൂട്ടം വഴി കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ റോഡരികിലെ ഗാർഡനിൽ ജർബറ പൂക്കളുടെ തൈകൾ കാണാനിടയായി. ജർബറ പൂക്കളെ ഒത്തിരി ഇഷ്ടമായ ഞാൻ രണ്ട് തൈകൾ വാങ്ങി. അത് വീട്ടിൽ കൊണ്ടുവന്ന് രണ്ട് ചട്ടികളിലാക്കി നട്ടു. അത് നന്നായി വളർന്നു. കുറേ തൈകൾ ഉണ്ടായി. സ്വാഭാവികമായി നല്ല പൂക്കളായതുകൊണ്ട് വീടിന് ചുറ്റും വയ്ക്കാൻ മോഹം തോന്നി. അങ്ങനെ ജർബറ തൈകൾ വില കുറച്ച് എവിടെ കിട്ടുമെന്ന് അന്വേഷിച്ചു. അങ്ങനെ ഹോൾസെയിൽ വിലയിൽ ചെടികൾ വിൽക്കുന്ന ഗാർഡനിൽ പോയി വാങ്ങിക്കാൻ തീരുമാനിച്ചു. അവിടെ എത്തിയപ്പോൾ കേടായ, ഇലകളും പൂക്കളും കൊഴിഞ്ഞ ജർബറ തൈകൾ ഒരു മൂലയിൽ അവർ ഒഴിവാക്കിയത് കാണാനിടയായി. ഞാനത് വെറുതെ ചോദിച്ചു. അങ്ങനെ ഇരുപത് രൂപ വച്ച് കുറേ ചെടികൾ വാങ്ങി. വീട്ടിൽ കൊണ്ടുവന്ന് അതൊക്കെ ഓരോ തൈകളായി പിരിച്ചെടുത്ത് വീട്ടിലുണ്ടായിരുന്ന തൊണ്ണൂറ്റി എട്ട് ചട്ടികളിലും നട്ടുപിടിപ്പിച്ചു. നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞു. ഞാൻ കാര്യമായി ആ ചെടികളെയൊന്നും പരിപരിച്ചില്ലെങ്കിലും നിറയെ പൂക്കളും തൈകളും കൊണ്ട് ചട്ടികൾ നിറഞ്ഞു. അത്രയും തൈകൾ വന്ന് ചട്ടികളിൽ നിറഞ്ഞതിനാൽ കുറച്ച് തൈകൾ ഒഴിവാക്കാമെന്ന് കരുതി കുറച്ച് തൈകളെല്ലാം കൂട്ടുകാർക്ക് വെറുതെ കൊടുത്തു. പിന്നെയും തൈകൾ ബാക്കി. വെറുതെ ഒരു കൗതുകത്തിന് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. പതിനഞ്ച് ജർബറ തൈകൾ അഞ്ഞൂറ് രൂപയ്ക്ക്. രണ്ടുദിവസം കൊണ്ടുതന്നെ മുഴുവൻ തൈകളും സെയിലായി. എനിക്ക് ചെലവായത് 750 രൂപയാണ്. പിന്നെ കാര്യമായ ജോലി ഒന്നും ചെയ്യാതെ ഞാൻ ഇഷ്ടപ്പെട്ട കാര്യം ചെയ്തപ്പോൾ രണ്ട് മാസം കൊണ്ട് എനിക്ക് ലഭിച്ചത് അമ്പതിനായിരത്തിൽ അധികം രൂപയും. അത്രമാത്രം തൈകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഇതിൽ ഒരു വരുമാന സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞത്.

കേരളത്തിൽ സുലഭമായി കാണാത്ത ചെടികളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുപാട് യാത്രകൾ ചെയ്തു. അതിന്റെ ഫലമായി ഒരുപാട് പുതിയ തരത്തിലുള്ള ചെടികളേയും ഫലവൃക്ഷങ്ങളേയും നമ്മുടെ നാട്ടിൽ എത്തിക്കാൻ കഴഞ്ഞു. നിരവധി സെലിബ്രിറ്റികളുടെ ഗാർഡനുകളിൽ വെറൈറ്റി ചെടികളും പൂക്കളും അങ്ങനെ എത്തിത്തുടങ്ങി.

തമിഴ്‌നാട്ടിലേയും കർണ്ണാടകയിലേയും ഉൾഗ്രാമങ്ങളിലേക്ക് ചെടികൾ അന്വേഷിച്ച് സ്വയം ഡ്രൈവ് ചെയ്തും റീൽസ് ചെയ്തും സോഷ്യൽ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്ന റീംസ് ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമാണ്.

 

 

Photo Courtesy - ആനന്ദ് കോവളം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.