10:09am 04 November 2026
NEWS
ഒന്നും ചെയ്യാനില്ലാതെ യുവാവ് കഴിഞ്ഞ വർഷം സമ്പാദിച്ചത് 69 ലക്ഷം രൂപ

10/01/2025  03:31 PM IST
nila
ഒന്നും ചെയ്യാനില്ലാതെ യുവാവ് കഴിഞ്ഞ വർഷം സമ്പാദിച്ചത് 69 ലക്ഷം രൂപ

ഒന്നും ചെയ്യാതെ ഒരു വർഷം കൊണ്ട് 69 ലക്ഷം രൂപ സമ്പാദിച്ച യുവാവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഷോജി മൊറിമോട്ടോ എന്ന ജപ്പാൻകാരനാണ് വലിയ ആയാസമൊന്നുമില്ലാതെ ഇത്രയേറെ പണം സമ്പാദിച്ചത്. ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ക്ക് കൂട്ട് നല്‍കുകയാണ് ഈ നാൽപ്പത്തൊന്നുകാരൻ പണം സമ്പാദിക്കാനുള്ള മാർ​ഗമായി കണ്ടെത്തിയിരിക്കുന്നത്. ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ക്കൊപ്പം കാപ്പി കുടിക്കാൻ പോകുകയും അവർ പറയുന്നതൊക്കെ കേട്ടിരിക്കുകയുമാണ് ഷോജി മൊറിമോട്ടോയുടെ പണി. ഇതിനെല്ലാം നല്ലൊരു തുക ഷോജി മൊറിമോട്ടോ ബില്ലിടുകയും ചെയ്യും. 

ഏകാന്തത അനുഭവിക്കുന്നവർക്ക് കൂട്ടിരിക്കൽ മാത്രമല്ല ഷോജി മൊറിമോട്ടോയുടെ പണി. മാരത്തണ്‍ ഓട്ടക്കാര്‍ക്ക് പിന്തുണ നല്‍കി ഫിനിഷിങ് ലൈനില്‍ കാത്തുനില്‍ക്കുക, മുറി വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുമ്പോള്‍ വീഡിയോ കോളിലൂടെ കമ്പനി നല്‍കുക തുടങ്ങിയവയും ഇയാളുടെ പണസമ്പാദന മാർ​ഗങ്ങളാണ്. ഇനി സുഹൃത്തിനൊപ്പം സിനിമയ്‌ക്കോ മറ്റോ പോകാമെന്ന് നിങ്ങള്‍ വാക്കുകൊടുത്തിട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം പോകാനും മൊറിമോട്ടോ തയ്യാറാണ്. ഇങ്ങനെ പോകുമ്പോള്‍ അപരിചിതരോടൊപ്പം ക്യൂ നില്‍ക്കുക, ടിക്കറ്റെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മൊറിമോട്ടോ ചെയ്യും.

കടുത്ത വെയിലില്‍ ക്യൂ നില്‍ക്കുക, തണുപ്പില്‍ മണിക്കൂറുകളോളം നില്‍ക്കുക, അപരിചിതര്‍ മാത്രമുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുക, വലിയ സദസിന് മുന്നില്‍ സ്റ്റേജില്‍ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് നില്‍ക്കുക തുടങ്ങിയ കാര്യങ്ങളും ജോലിയുടെ ഭാഗമായി ചെയ്യാറുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ 1000 അഭ്യര്‍ഥനകളാണ് ഒരു വര്‍ഷം സ്വീകരിക്കാറുള്ളത്. രണ്ട് മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരേയുള്ള സെഷനില്‍ 5000 രൂപ മുതല്‍ 43000 രൂപ വരെയാണ് ഫീസ്. 2018-ലാണ് മൊറിമോട്ടോയുടെ ജോലി നഷ്ടപ്പെട്ടത്. യാതൊരു പ്രയോജനവുമില്ലെന്ന് പറഞ്ഞ് കമ്പനി പുറത്താക്കുകയായിരുന്നു. ഇതോടെയാണ് പണം സമ്പാദിക്കാന്‍ മൊറിമോട്ടോ പുതിയ വഴി കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img