11:04pm 15 June 2026
NEWS
രണ്ടുവട്ടം ലീഡ് നഷ്ടപ്പെടുത്തി; ജപ്പാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ നെതർലൻഡ്‌സ് മുട്ടുമടക്കി
15/06/2026  06:15 AM IST
nila
രണ്ടുവട്ടം ലീഡ് നഷ്ടപ്പെടുത്തി; ജപ്പാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ നെതർലൻഡ്‌സ് മുട്ടുമടക്കി

ഡാളസ്: ലോകകപ്പ് ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സും ജപ്പാനും തമ്മിലുള്ള പോരാട്ടം ആവേശകരമായ 2–2 സമനിലയിൽ കലാശിച്ചു. രണ്ട് തവണ പിന്നിലായിട്ടും അവസാന നിമിഷം വരെ പൊരുതിയ ജപ്പാൻ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കി. ആദ്യ പകുതിയിൽ കളിയുടെ നിയന്ത്രണം കൂടുതലായും നെതർലൻഡ്‌സിനായിരുന്നു. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും മുൻതൂക്കം നേടിയ ഡച്ച് ടീം ഗോൾ നേടാൻ പലവട്ടം ശ്രമിച്ചെങ്കിലും ജപ്പാൻ പ്രതിരോധവും ഗോൾകീപ്പർ സിയോൺ സുസുക്കിയും വെല്ലുവിളിയായി. മറുവശത്ത്, ഇടവേളയ്ക്ക് തൊട്ടുമുമ്പ് ജപ്പാൻ ചില അപകടകരമായ ആക്രമണങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി.

ഇടവേളയ്ക്ക് ശേഷം മത്സരത്തിന്റെ ഗതി മാറി. 50-ാം മിനിറ്റിൽ റയാൻ ഗ്രാവൻബെർച്ചിന്റെ ഫ്രീകിക്കിൽ നിന്നുയർന്ന പന്ത് വിർജിൽ വാൻ ഡിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് ഡച്ച് സംഘത്തെ മുന്നിലെത്തിച്ചു. എന്നാൽ ജപ്പാന്റെ മറുപടി വൈകിയില്ല. ഏഴ് മിനിറ്റിനകം തകേഫുസ കുബോ ഒരുക്കിയ അവസരം കെയ്‌റ്റോ നകാമുറ ഗോളാക്കി മാറ്റി സ്കോർ സമനിലയിലാക്കി.

64-ാം മിനിറ്റിൽ വീണ്ടും നെതർലൻഡ്‌സ് ലീഡ് പിടിച്ചു. ഗ്രാവൻബെർച്ചിന്റെ പാസിൽ ക്രൈസൻസിയോ സമ്മർവിൽ നേടിയ മനോഹര ​ഗോൾ ഡച്ച് ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. മത്സരം അവരുടെ കൈവശമാണെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു ജപ്പാന്റെ അവസാന തിരിച്ചടി.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ കോർണറിൽ നിന്ന് ലഭിച്ച അവസരം ഡൈച്ചി കമദ ഗോളാക്കി മാറ്റി. കൊക്കി ഒഗാവയുടെ പാസ് കൃത്യമായി വലയിലെത്തിച്ച കമദ ജപ്പാനെ തോൽവിയിൽ നിന്ന് രക്ഷിച്ചു. നാല് ഗോളുകളും രണ്ടാം പകുതിയിൽ പിറന്ന മത്സരത്തിൽ നെതർലൻഡ്‌സിന് ലീഡ് നിലനിർത്താനാകാത്തതും ജപ്പാന്റെ അവസാനംവരെ പോരാടുന്ന മനോഭാവവുമാണ് ശ്രദ്ധേയമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img