
2024-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ബോളിവുഡ് ചിത്രമാണ് ശൈത്താൻ. അജയ് ദേവ്ഗൺ, മാധവൻ, ജ്യോതിക, ജാൻകി ബൊഡിവാലാ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് വികാസ് ബാൽ ആയിരുന്നു. വശ് എന്ന ഗുജറാത്തി ഹൊറർ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ശൈത്താൻ. ഈ ഗുജറാത്തി ചിത്രത്തിലും മുഖ്യവേഷത്തിലെത്തിയത് ജാൻകി ബൊഡിവാലയായിരുന്നു. ഇപ്പോഴിതാ, വശിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജാൻകി. സിനിമയുടെ ഷൂട്ടിംഗിനിടെ ക്യാമറക്ക് മുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ ചോദിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഫിലിംഫെയറുമായുള്ള ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ആര്യ എന്ന കഥാപാത്രത്തെയാണ് വശ് എന്ന ചിത്രത്തിൽ ജാൻകി അവതരിപ്പിച്ചത്. ഒരു പ്രത്യേക സാഹചര്യം വഷളാക്കാതിരിക്കാൻ സ്വന്തം പിതാവിനെ തടയാനായി ആര്യ വസ്ത്രത്തിൽ മൂത്രമൊഴിക്കുന്ന ഒരു രംഗം സിനിമയിലുണ്ട്. ഇതിന്റെ ചിത്രീകരണ സമയത്താണ് സംവിധായകൻ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാമോ എന്ന് ചോദിച്ചത് എന്നാണ് താരം പറയുന്നത്.
"ഞാൻ ഗുജറാത്തി പതിപ്പാണ് ചെയ്തത്, അവിടെയും ഇതേ രംഗം ചെയ്യാനുണ്ടായിരുന്നു. സംവിധായകനായ കൃഷ്ണദേവ് വളരെ നല്ല വ്യക്തിയാണ്. ഞങ്ങൾ വർക്ക്‌ഷോപ്പുകൾ ചെയ്യുമ്പോൾ, അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങൾക്ക് മൂത്രമൊഴിക്കുന്ന രംഗം ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന്. ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. എനിക്കതിൽ സന്തോഷം തോന്നി. കാരണം ആരും ഇതുവരെ ചെയ്യാത്ത ഒരുകാര്യം സ്ക്രീനിൽ ചെയ്യാൻ അഭിനേത്രി എന്ന നിലയിൽ എനിക്ക് അവസരം ലഭിക്കുകയാണ്.”
"എന്നാൽ പിന്നീട്, സാങ്കേതികമായ കാര്യങ്ങൾ കാരണം അത് നടന്നില്ല. കാരണം ധാരാളം റീടേക്കുകൾ വേണ്ടിവരുമായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ അത് പ്രായോഗികമായി സാധ്യമല്ലായിരുന്നു. അതിനാൽ ഞങ്ങൾ അത് ചെയ്യാനായി മറ്റൊരു വഴി കണ്ടെത്തി. യഥാർത്ഥ ജീവിതത്തിൽ എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവതിയായിരുന്നു. ആ രംഗം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗമാണ്. ആ രംഗം കാരണമാണ് ഞാൻ ആ സിനിമ ചെയ്യാൻ സമ്മതിച്ചത്." ജാൻകി വിശദീകരിച്ചു.











