
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ അംശാദായം അടക്കുന്ന തൊഴിലാളികളുടെ പെൻഷനും മറ്റാനുകൂല്യങ്ങളും പത്തൊമ്പത് മാസക്കാലമായി കുടിശ്ശികയാക്കിയിരിക്കുയാണെന്നും തൊഴിലാളികൾക്ക് അർഹമായ തുക സർക്കാർ വക മാറ്റി ചെലവഴിച്ചുകൊണ്ട് ബോർഡിനെ പ്രതിസന്ധിയിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ ചെറുക്കുമൊന്നും, അടിയന്തരമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അസംഘടിത മേഖലയിലെ തൊഴിലാളികളെയും ബഹുജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി ശക്തമായ ബഹുജന പ്രക്ഷോഭത്തിന് രൂപം കൊടുക്കുവാനും ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) മധ്യമേഖല നേതൃയോഗം ഐക്യകണ്ഠേന സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തി.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സ. രാഘവൻ മുളങ്ങാടൻ്റെ അധ്യക്ഷതയിൽ എറണാകുളം ആനമല ബിൽഡിങ്ങിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ആനി സ്വീറ്റി ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി സുധീർ തമ്മനം സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ സംഘടനാ ചർച്ചയും മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അനിൽ അമ്പാട്ട്, വിനോദ് വെള്ളില ,ജോസഫ് മോനാശേരി, നാരായണൻ മൂത്തമല,പി കെ ശിവദാസ് , പി വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








