02:46pm 14 August 2026
NEWS
തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ; സംഗീതരാവ് സംഘടിപ്പിച്ചു
14/08/2026  09:56 AM IST
nila
തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ; സംഗീതരാവ് സംഘടിപ്പിച്ചു

അന്തരിച്ച ഇതിഹാസ ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി മിഴിയോരം - ‘തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ’ എന്ന പേരിൽ പ്രവാസി വെല്‍ഫെയര്‍ സംഗീതരാവ് സംഘടിപ്പിച്ചു. മലയാള സിനിമാഗാനരംഗത്ത് വേറിട്ട ശബ്ദസൗന്ദര്യവും ഭാവഗാംഭീര്യവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായികയാണ് എസ്. ജാനകിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള അനുസ്മരണ സന്ദേശം അവതരിപ്പിച്ചു.
പ്രണയം, വിരഹം, സന്തോഷം, നൊമ്പരം, ഭക്തി തുടങ്ങി വ്യത്യസ്ത ഭാവങ്ങളെ അതീവ ഹൃദയസ്പർശിയായി ആവിഷ്കരിച്ച എസ്. ജാനകിയുടെ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണെന്ന് ആദ്ദേഹം പറഞ്ഞു. മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയുടെ സംഗീത ജീവിതം ഇന്ത്യൻ ചലച്ചിത്രസംഗീതത്തിലെ അനശ്വര അധ്യായമാണ്. കാലം മാറിയെങ്കിലും അവരുടെ ഗാനങ്ങളുടെ മാധുര്യത്തിനും ജനപ്രീതിക്കും ഇന്നും മങ്ങലേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അനീഷ രാജേഷ്, ജാന്‍സി റാണി, നൈനിക, സിതാര ഷാഫി, പൂജ സന്തോഷ, അലി കളത്തിങ്ങല്‍, ഷിഹാബ് കൊടുങ്ങല്ലൂര്‍, ഷഫാ ബാച്ചി, ഷഫീഖ് മലപ്പുറം, ആതിര, റിയാസ് എന്നീ ദോഹയിലെ ഗായകര്‍ വിവിധ തലമുറകളുടെ ഹൃദയങ്ങളിൽ ഇടം നേടിയ എസ് ജാനകിയുടെ ജനപ്രിയ ഗാനങ്ങൾ വേദിയില്‍ ആലപിച്ചു. പഴയകാല ഗാനങ്ങളുടെ മാധുര്യം പുതുതലമുറയുടെ ശബ്ദങ്ങളിലൂടെ വീണ്ടും വേദിയിലെത്തിയത് സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി.

എസ്. ജാനകിയുടെ സംഗീതജീവിതത്തോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രായഭേദമന്യേ നിരവധി സംഗീതപ്രേമികൾ പങ്കെടുത്ത സംഗീതരാവ് ജാനകിയുടെ അനശ്വര ഗാനങ്ങളെ ഓർമകളിൽ വീണ്ടും സജീവമാക്കി. ഫാതിമ തസ്നീം, ഷബീബ് അബ്ദുറസാഖ്, ഷബീര്‍ ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img