
ജമ്മു കശ്മീരിലെ പുൽവാമയിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് സുരക്ഷാസേന ഭീകരരെ വധിക്കുന്നത്. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ.
കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന ഷോപിയാനിൽ വെച്ച് വധിച്ചിരുന്നു. ഇവരിൽനിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടി. ഇതിന് ശേഷം കൂടുതൽ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലായിരുന്നു. ഈ സമയത്ത് ത്രാലിൽ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.











