02:00pm 27 June 2026
NEWS
നൗഗാം പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം; ഏഴു പൊലീസുകാർ കൊല്ലപ്പെട്ടു
15/11/2025  07:36 AM IST
nila
നൗഗാം പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം; ഏഴു പൊലീസുകാർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഏഴു പൊലീസുകാർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഡൽഹി ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ മുസമിൽ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട്ടിൽനിന്ന് പിടിച്ചെടുത്ത 360 കിലോ സ്‌ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. 

വൻ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പൊലീസുകാരും ഫോറൻസിക് സംഘവും ചേർന്ന് സ്ഫോടകവസ്തുക്കളുടെ സാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ ഭൂരിപക്ഷവും പൊലീസുകാരും ഫോറൻസിക് വിദ​ഗ്ധരുമാണ്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. 

വൈറ്റ് കോളർ തീവ്രവാദ മൊഡ്യൂൾ കേസിലെ അന്വേഷണത്തിനിടെ ഹരിയാണയിലെ ഫരീദാബാദിലെ മുസമിൽ ഷക്കീലിന്റെ വാടക വീട്ടിൽ നിന്നും പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. പിടിച്ചെടുത്ത 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളിൽ ഭൂരിഭാഗവും ഈ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്.

സംഭവസ്ഥലത്ത് നിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങൾ കണ്ടെത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ അമോണിയം നൈട്രേറ്റ് സീൽ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന ഒരു കാറിൽ ഐഇഡി ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. ജയ്ഷ്-ഇ-മുഹമ്മദിന്റെ നിഴൽ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img