11:22am 12 November 2026
NEWS
ജമ്മു കശ്മീരിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ആയുധങ്ങളും കാണാനില്ല
12/11/2026  11:06 AM IST
nila
ജമ്മു കശ്മീരിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ആയുധങ്ങളും കാണാനില്ല

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡ്യൂട്ടിക്കിടെ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കിഷ്ത്വാറിൽ നിന്നാണ് രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭീകരാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ഒരാളുടെ തലയിലും മറ്റൊരാളുടെ മുതുകിലുമാണ് വെടിയേറ്റത്. ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെ ഭീകരർ ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും സംഭവസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഭീകരർ ആയുധങ്ങൾ കൈക്കലാക്കിയതാകാമെന്നാണ് പൊലീസിന്റെ സംശയം.

തുടക്കത്തിൽ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും പിന്നീട് ഫോണുകൾ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഏറെ നേരമായിട്ടും ഇരുവരും തിരിച്ചെത്താതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലുള്ള ഭീകരരെ കണ്ടെത്താൻ സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, കുൽഗാം ജില്ലയിൽ സിആർപിഎഫ് ചെക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയതെന്നും വെടിവയ്പ്പിന് പിന്നാലെ ഇരുവരും സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.15ഓടെ ദേശീയപാതയിലെ മിർ ബസാറിലുള്ള ചെക്‌പോസ്റ്റിന് നേരെയായിരുന്നു ആക്രമണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img