12:17am 13 July 2026
NEWS
സർക്കാരിനെ വീഴ്ത്താൻ കോടികളുടെ ഓഫർ; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഒമർ അബ്ദുള്ള
12/07/2026  07:31 AM IST
nila
സർക്കാരിനെ വീഴ്ത്താൻ കോടികളുടെ ഓഫർ; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഒമർ അബ്ദുള്ള

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി രഹസ്യ നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരോപിച്ചു. പാർട്ടിയിലെ എം.എൽ.എമാരെ പിളർത്താൻ 20 മുതൽ 30 കോടി രൂപ വരെയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഹസ്രത്ബലിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ഒമർ അബ്ദുള്ള ഇക്കാര്യം വെളിപ്പെടുത്തിയത്. പണവും അധികാര വാഗ്ദാനവും നൽകി എം.എൽ.എമാരെ സ്വാധീനിക്കാൻ നടത്തിയ ശ്രമം ഫലം കാണാതായതോടെയാണ്, ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന വാഗ്ദാനം പുതിയ തന്ത്രമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവിൽ നിന്നുള്ള ഒരു എം.എൽ.എ തന്നോട് ഇക്കാര്യം അറിയിച്ചിരുന്നുവെന്നും, 20–30 കോടി രൂപ, മന്ത്രിസ്ഥാനം, സംസ്ഥാന പദവി എന്നിവ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞുവെന്നും ഒമർ അവകാശപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനായ ഒരു ബി.ജെ.പി നേതാവാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ പിൻവാതിൽ രാഷ്ട്രീയത്തിലൂടെ അട്ടിമറിക്കാൻ കഴിയില്ലെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയ ഒമർ അബ്ദുള്ള, ജനാധിപത്യത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഒമർ അബ്ദുള്ളയുടെ ആരോപണങ്ങളോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img