
ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘ഒരു പുതിയ യാത്ര ആരംഭിച്ചു’ എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുല്ല ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തത്.
സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തതെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.
ഒമർ അബ്ദുല്ലയുടെ ആദ്യ വിവാഹബന്ധം കോടതി ഉത്തരവിലൂടെയാണ് അവസാനിച്ചത്. ആദ്യ ഭാര്യയുമായുള്ള ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. 1994ൽ വിവാഹിതരായ ഇരുവരും 2009 മുതൽ വേർപിരിഞ്ഞായിരുന്നു താമസം. ഒമർ ജമ്മു കശ്മീരിൽ തുടർന്നപ്പോൾ ഭാര്യയും മക്കളും ഡൽഹിയിലായിരുന്നു താമസം.
വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഈ വർഷം ജൂലൈയിലാണ് സുപ്രീം കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് നിധി റസ്ദാനുമായുള്ള ഒമർ അബ്ദുല്ലയുടെ പുതിയ ജീവിതത്തിന് തുടക്കമായിരിക്കുന്നത്.










