
ഡിഎൻഎയുടെ ഇരട്ടപ്പിരിയൻ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാൻസിസ് ക്രിക്കിനൊപ്പം 1953ലാണ് ജെയിംസ് വാട്സൺ ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് ഘടന കണ്ടെത്തിയത്. ഈ കണ്ടെത്തലിന് 1962ൽ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
ചിക്കാഗോയിൽ ജനിച്ച വാട്സൺ, വെറും 24-ാം വയസ്സിലാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ആ കണ്ടുപിടിത്തം നടത്തിയത്. ജനിതകശാസ്ത്രം, കുറ്റാന്വേഷണം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഡിഎൻഎ ഗവേഷണം വഴിതുറന്നതിൽ അദ്ദേഹത്തിന് വമ്പൻ പങ്കുണ്ട്.
എന്നാൽ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ വംശീയ പരാമർശങ്ങളിലൂടെ വാട്സൺ വിവാദങ്ങളിൽ പെട്ടു. 2007-ൽ കറുത്ത വർഗക്കാരുടെ ബുദ്ധിശക്തിയെ കുറിച്ചുള്ള പ്രസ്താവനകൾ വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. തുടർന്ന് കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിൽ നിന്ന് അദ്ദേഹം നീക്കപ്പെട്ടു.
ശാസ്ത്രലോകത്തിന് വമ്പൻ സംഭാവനകൾ നൽകിയ വാട്സൺ, മനുഷ്യ ജീനോം മാപ്പിംഗ് പദ്ധതിക്കും ദിശാനിർദ്ദേശം നൽകിയിരുന്നു.











