08:34pm 26 October 2026
NEWS
ജമാഅത്തെ ഇസ്‌ലാമി വൈപ്പിൻ ഏരിയാ സമ്മേളനം.
26/10/2026  12:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജമാഅത്തെ ഇസ്‌ലാമി വൈപ്പിൻ ഏരിയാ സമ്മേളനം

 

വൈപ്പിൻ : പ്രവാചകന്മാരാൽ ദൈവം ജനങ്ങൾക്കു പകർന്നു നൽകിയ സുകൃതങ്ങളുടെയും മൂ ല്യങ്ങളുടെയും ആവിഷ്‌കാരമായ ഇസ്ലാമിന്റെ സമ്പൂർണ പ്രതിനിധാനം നിർവഹിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് കേരള അമീർ പി. മുജീബ് റഹ് മാൻ പറഞ്ഞു.'ഇസ്‌ലാമിക പ്രതിനിധാനത്തിൻ്റെ കർമസാക്ഷ്യം' എന്ന പ്രമേയത്തിൽ നടത്തിയ  വൈപ്പിൻ ഏരിയ സമ്മേളനം എടവനക്കാട് എച്ച് ഐ എച്ച് എസ് ഗ്രൗണ്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമോഫോബിയയുടെ കാലത്ത് വെറുപ്പിൻ്റെ പ്രചരണങ്ങളെ ആശയപരമായ പരിസരത്തു നിന്നുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേരിടുന്നതെന്ന് സമകാലിക സംഭവങ്ങളെ പരാമർശിച്ച് അമീർ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ജമാഅത്തെ ഇസ്‌ലാമി കേരള അമീറും സംസ്ഥാന കൂടിയാലോചനാ സമിതി അംഗം പി. റുക്‌സാനയും മറുപടി നൽകി.
ധാർമിക കുടുംബജീവിതത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുന്ന ‘സുഗന്ധമുള്ള ജീവിതം’ എന്ന പ്രസൻ്റേഷൻ ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡണ്ട് ഷിഹാബുദ്ദീൻ ഇബ്‌നു ഹംസ അവതരിപ്പിച്ചു. 
ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രവും നാൾവഴികളും സേവനങ്ങളും ഇടപെടലുകളും ചിത്രീകരിക്കുന്ന ഡോക്യൂ - ഫിക്ഷൻ ' ഹംസഫറി'ൻ്റെ  അവതരണവും നടന്നു.
ജമാഅത്തെ ഇസ്‌ലാമി വൈപ്പിൻ ഏരിയ പ്രസിഡൻ്റ് കെ. എം. താരിഖ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.എ. അബ്‌ദുൽ ജലാൽ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ ഹാഷിം , വനിത വിഭാഗം പ്രസിഡൻ്റ് സൗദ ഫൈസൽ, സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡൻ്റ് ഷറഫുദ്ദീൻ നദ്‌വി, വനിത വിഭാഗം വൈപ്പിൻ ഏരിയ കൺവീനർ സി. എം.ഹബീബ ടീച്ചർ, സെക്രട്ടറി മെഹ്‌റുന്നീസ , സോളിഡാരിറ്റി ഏരിയ പ്രസിഡൻ്റ് മുഹമ്മദ്  സാബിഖ്, എസ്. ഐ.ഒ ഏരിയ പ്രസിഡൻ്റ് അബ്റാർ, ജി . ഐ ഒ.ഏരിയ പ്രസിഡൻ്റ് ഉമ്മു സഫീദ എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം കൺവീനർ എ.പി. മഹ്‌മൂദ് സ്വാഗതവും,ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡൻ്റ്  ജമാൽ അസ്ഹരി സമാപന പ്രഭാഷണവും നിർവ്വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഐ.പി.എച്ച് ബുക്ക് സ്റ്റാളിൻ്റെ ഉദ്ഘാടനം സിറ്റി പ്രസിഡൻ്റ് ജമാൽ അസ്ഹരി നിർവ്വഹിച്ചു.
സമ്മേളന പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ജമാഅത്തെ ഇസ്‌ലാമി ജനങ്ങളെ കേൾക്കുന്നു’ എന്ന തലക്കെട്ടിൽ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ജനസമ്പർക്ക പരിപാടികൾ, സൗഹൃദ സംഗമങ്ങൾ, മദ്റസ രക്ഷാകർതൃ സംഗമങ്ങൾ, അയൽക്കൂട്ട വനിത സംഗമങ്ങൾ, യുവാക്കളുടെ കുടുംബ സംഗമങ്ങൾ, വിദ്യാർത്ഥി, വിദ്യാർത്ഥിനി സംഗമങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img