01:51am 29 October 2026
NEWS
ജമാഅത്തെ ഇസ്‌ലാമി ഇതുവരെ മതരാഷ്‌ട്രവാദം ഉന്നയിച്ചിട്ടില്ലെന്ന് കേരള അമീർ
26/06/2025  07:46 AM IST
nila
 ജമാഅത്തെ ഇസ്‌ലാമി ഇതുവരെ മതരാഷ്‌ട്രവാദം ഉന്നയിച്ചിട്ടില്ലെന്ന് കേരള അമീർ

ഇതുവരെ മതരാഷ്‌ട്രവാദം ഉന്നയിച്ചിട്ടില്ലെന്ന അവകാശവാദവുമായി ജമാ അത്തെ ഇസ്ലാമി. ഏഴരപ്പതിറ്റാണ്ടായ പ്രസ്ഥാനത്തിന്റെ ഭരണഘടനയിൽ അതു വ്യക്തമാക്കിയിട്ടുണ്ടെന്നും കേരള അമീർ പി. മുജീബ് റഹ്‌മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഖുർആനും മുഹമ്മദ് നബിയുടെ ചര്യകളും അടിസ്ഥാനമാക്കിയാണ് ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിക്കുന്നതെന്നും  മുജീബ് റഹ്‌മാൻ കൂട്ടിച്ചേർത്തു. രാജ്യത്തെ ഭരണഘടനയും ജമാഅത്തെ ഇസ്‌ലാമിയുടെ ആശയവും തമ്മിൽ വൈരുധ്യങ്ങളില്ലെന്നും മുജീബ് റഹ്‌മാൻ വ്യക്തമാക്കി.

ദൈവശാസന അനുസരിച്ച് ജീവിക്കുന്നതിന്റെ ഭാഗമാണ് അതത് രാഷ്‌ട്രത്തിലെ ഭരണഘടനയും നിയമവ്യവസ്ഥയുമനുസരിച്ച് ജീവിക്കുകയെന്നതെന്നും  ജമാ അത്തെ ഇസ്ലാമി നേതാവ് ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്‌ലാമിയിൽനിന്ന് ഭരണഘടനാവിരുദ്ധമായോ രാജ്യവിരുദ്ധമായോ പരമതവിദ്വേഷപരമായോ ഇതുവരെ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടോ എന്ന ചോ​ദ്യവും മുജീബ് റഹ്‌മാൻ ഉയർത്തി.

സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് മുജീബ് റഹ്‌മാൻ ഉയർത്തുന്നത്. ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി കേരളത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎം ശ്രമമെന്നായിരുന്നു മുജീബ് റഹ്‌മാന്റെ ആരോപണം. ദേശീയതലത്തിൽ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യ സഖ്യത്തെയാണ് പിന്തുണയ്ക്കുന്നത്. രാജസ്ഥാനിലെ സിക്കർ, തമിഴ്‌നാട്ടിലെ ദിണ്ടിക്കൽ, മധുര എന്നിവിടങ്ങളിൽ സിപിഎമ്മിനാണ് വോട്ടുചെയ്തത്. ഈയിടെ വഖഫ് നിയമത്തിനെതിരേ കോയമ്പത്തൂരിൽ യോജിച്ച് പ്രക്ഷോഭം നടത്തി. കേരളത്തിൽ യുഡിഎഫിനെ പിന്തുണച്ചതുമുതലാണ് വർഗീയവാദികളായി ചിത്രീകരിക്കുന്നത്. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ പിന്തുണയ്ക്കുമോ എന്നതിന് വെൽഫയർ പാർട്ടിയാണ് മറുപടിപറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img