
കർണാടകയുടെ തലസ്ഥാനമായ ബംഗളുരുവിന്റെ ആകർഷണനീയതകളിൽ ഒന്നാണ് ജാക്കൂർ എയ്റോഡ്രോമും ഫ്ലയിങ് സ്കൂളും. തെക്കെ ഇന്ത്യയിലെ ആദ്യത്തെ സിവിൽ പൈലറ്റ് പരിശീലന കേന്ദ്രമാണിത്. നഗരകേന്ദ്രത്തിനും ദേവനഹള്ളിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ 214 ഏക്ര വിസ്തൃതിയുള്ള ഭൂമിയിലാണ് എയ്റോഡ്രോമും ഫ്ലയിങ് സ്കൂളും സ്ഥിതിചെയ്യുന്നത്. മൈസൂരു മഹാരാജാവ് അക്വയർ ചെയ്ത് പിന്നീട് സംഭാവനയായി നൽകിയ ഭൂമിയിലാണ് എയ്റോ ഡ്രോമും ഫ്ലയിങ് സ്കൂളും പ്രവർത്തിക്കുന്നത്. 1948 ൽ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവാണ് ഇത് ഉൽഘാടനം ചെയ്തത്. ക്രമേണ ജാക്കൂർ എയ്റോഡ്രോമും ഫ്ലയിങ് സ്കൂളും കർണാടക സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലായി. 1950-70 കാലയളവിൽ ചെറിയ തോതിൽ നടന്നുവന്നിരുന്ന പരിശീലന കേന്ദ്രം പിന്നീട് 1980 ലും 2000 ലും നവീകരിച്ചു. രാജ്യത്ത് ഇപ്പോൾ 36 ഫ്ലയിങ് സ്കൂളുകളുണ്ട്. അതുകൊണ്ടുതന്നെ പഴയ പ്രതാപം ജാക്കൂറിന് ഇല്ലെന്ന് പറയാം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സിദ്ധരാമയ്യ ഗവണ്മെന്റ് ഈ എയ്റോ ഡ്രോമും ഫ്ലയിങ് സ്കൂളും വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന വാർത്തയുണ്ടായിരുന്നു. ഭൂമിയ്ക്ക് പൊന്നുംവിലയുള്ള പ്രദേശമാണിത്. റിയൽ എസ്റ്റേറ്റ് രംഗത്തെ തിമിംഗലങ്ങൾ ഇതിൽ കണ്ണുവെച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് അതിന്റെ പിന്നിലെന്നും വാർത്ത പ്രചരിച്ചിരുന്നു. ഫ്ലയിങ് സ്കൂൾ പൂട്ടി ഇവിടെ ഫുട്ട് ബോൾ സ്റ്റേഡിയം പണിയണമെന്ന് ചില ഭരണപക്ഷ നേതാക്കൾ പ്രസ്താവന ഇറക്കിയിരുന്നു. വിവാദവാർത്തകളുടെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ദിവസം കർണാടക നിയമസഭയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നു. എയ്റോഡ്രോം ജാക്കൂറിൽ നിന്ന് മാറ്റാനോ ഫ്ലയിങ് സ്കൂൾ അടച്ചുപൂട്ടാനോ ഗവണ്മെന്റിന് പരിപാടിയില്ലെന്ന് ബംഗളുരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സഭയിൽ വ്യക്തമാക്കി. ഗവണ്മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. " "ഈ ഗവണ്മെന്റിന്റെ കാലത്ത് ജാക്കൂർ വിഷയം ചർച്ചയ്ക്ക് പോലും എടുക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതാണ് ഗവണ്മെന്റ് നിലപാട്. മറ്റുള്ളതെല്ലാം ഊഹാപോഹങ്ങൾ മാത്രം" ശിവകുമാർ സഭയെ അറിയിച്ചു. ജാക്കൂർ എയ്റോ ഡ്രോം ഫുട്ട് ബോൾ സ്റ്റേഡിയമാക്കാൻ ഒരു പ്രൊപോസൽ ഉണ്ടായിരുന്നെന്നും പിന്നീട് അത് ഉപേക്ഷിച്ചെന്നും ഊർജ്ജ മന്ത്രി കെ ജെ ജോർജ് പറഞ്ഞു. ജാക്കൂർ എയ്റോ ഡ്രോമുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് നടത്തുന്ന എല്ലാ നീക്കങ്ങളും സഭയെ അറിയിക്കണമെന്ന് ആർ അശോക് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശിവകുമാർ പ്രസ്താവന നടത്തിയത്. റിയൽ എസ്റ്റേറ്റ് തിമിംഗലങ്ങളും ഭരണ രാഷ്ട്രീയക്കാരും ചേർന്ന് തൽക്കാലത്തേക്കെങ്കിലും ജാക്കൂർ എയ്റോ ഡ്രോം വിഴുങ്ങില്ലെന്ന സമാധാനത്തിലാണ് നഗരവാസികൾ.
Photo Courtesy - Google











