
'ഓപ്പറേഷൻ സിന്ദൂറി'ൽ കൊല്ലപ്പെട്ടവരിൽ കൊടുംഭീകരൻ അബ്ദുൾ റൗഫ് അസറും. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിൽ ഒരാളായ റൗഫ് അസറും പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജെയ്‌ഷെ തലവൻ മൗലാന മസൂദ് അസറിന്റെ സഹോദരനാണ് റൗഫ്. 1999-ലെ കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരൻ കൂടിയാണ് റൗഫ്.
ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് പാകിസ്ഥാനിലെ ബഹാവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ബഹാവൽപുരിലെ ജെയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ബഹാവൽപുരിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.











