01:37pm 28 October 2026
NEWS
ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
31/03/2026  01:01 PM IST
NILA
ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്. ബഹാവൽപുരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ അൻവറിന്റെ മൃതദേഹം ഖബറടക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക ചാനൽ അറിയിച്ചു. മുഹമ്മദ് താഹിർ അൻവറിന്റെ മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.

മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ അൻവർ, സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തന്റെ കുടുംബാംഗങ്ങളിൽ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടതായി കഴിഞ്ഞ വർഷം മസൂദ് അസർ വെളിപ്പെടുത്തിയിരുന്നു. 

ബഹാവൽപുരിലെ ജെയ്‌ഷെ ആസ്ഥാനം പ്രവർത്തിക്കുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അള്ളാഹിനെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ മസൂദ് അസറിന്റെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ അസറിന്റെ മൂത്ത സഹോദരി, ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, അനന്തരവൾ, അഞ്ചു കുട്ടികൾ എന്നിവരും ഉൾപ്പെടുന്നു.

1994-ൽ ഇന്ത്യയിൽ അറസ്റ്റിലായ മസൂദ് അസറിനെ, ഇന്ത്യൻ വിമാനം റാഞ്ചിയ സംഭവത്തിന് പിന്നാലെ മോചിപ്പിച്ചിരുന്നു. പിന്നീട് ഐക്യരാഷ്ട്രസഭ ഐക്യരാഷ്ട്രസഭ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ച അസർ, 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പത്താൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രധാന പ്രതിയായി കണക്കാക്കപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img