
ഇസ്ലാമാബാദ് ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് (Jaish-e-Mohammed) ആദ്യമായി സ്ത്രീ വിഭാഗം രൂപീകരിച്ചതായി റിപ്പോർട്ടുകൾ. “ജമാഅത്-ഉൽ-മുമിനാത്ത്” (Jamaat-ul-Mominaat) എന്ന പേരിലാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. സംഘടനയുടെ സ്ഥാപകനായ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ ഈ വിഭാഗത്തിന് നേതൃത്വം വഹിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
“തുഫാത് അൽ-മുമിനാത്ത്” (Tufat al-Muminat) എന്ന പേരിൽ ഓൺലൈൻ കോഴ്സുകളും ക്ലാസുകളും സംഘടിപ്പിക്കുന്നതായി പാക്കിസ്ഥാനിലെ ബഹവൽപൂരിൽ നിന്നുള്ള വിവരങ്ങളുണ്ട്. സ്ത്രീകളെ ഭീകരവാദ പ്രചാരണത്തിലേക്ക് ആകർഷിക്കുന്നതാണിതിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
റജിസ്ട്രേഷൻ ഫീസായി പാക്കിസ്ഥാനി രൂപ 500 ഈടാക്കുന്നതായും സൂചനകളുണ്ട്. സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഈ കോഴ്സുകൾ സൈബർ പ്ലാറ്റ്ഫോമുകൾ വഴിയാണ് നടത്തുന്നത്. സ്ത്രീകളെ സാമൂഹിക-മതപരമായ പ്രബോധനത്തിലൂടെ തീവ്രവാദ ചിന്തകളിലേക്കു കൊണ്ടുപോകുന്നതാണ് ലക്ഷ്യമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയിൽ വലിയ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് ജയ്ഷെ മുഹമ്മദ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഭീകര സംഘടനയുടെ തന്ത്രത്തിൽ വലിയ മാറ്റമെന്ന നിലയിലാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഈ പുതിയ വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നതായി സൂചനയുണ്ട്. ഭീകര സംഘടനയുടെ ഈ ഓൺലൈൻ പ്രചാരണങ്ങൾ ഇന്ത്യയിലേക്കും കടന്നുകയറാനുള്ള സാധ്യതയുണ്ടെന്ന് അവർ വിലയിരുത്തുന്നു.
Photo Courtesy - meta ai











