
ജയ്‌ഷെ മുഹമ്മദിന്റെ ശത്രുക്കൾ തങ്ങളുടെ സൈന്യത്തിൽ ഹിന്ദു സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മസൂദ് അസ്ഹർ. ഇവരെ നേരിടാനാണ് സ്ത്രീകളുടെ വിഭാഗമായ ‘ജമാഅത്ത് ഉൽ-മോമിനാത്ത്’ രൂപീകരിച്ചതെന്നും ഭീകരസംഘടനയുടെ തലവൻ പാകിസ്താനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ നടത്തിയ പ്രസംഗത്തിൽ പറയുന്നുയ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ വനിതാ ബ്രിഗേഡിന്റെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ചാണ് മസൂദ് അസ്ഹർ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചത്. ഇന്ത്യയിലെ ഉറി, പുൽവാമ തുടങ്ങിയ ഭീകരാക്രമണങ്ങൾക്കു പിന്നിൽ നിന്ന സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സ്ത്രീ വിഭാഗം ഇനി തങ്ങളുടെ ശത്രുക്കളെ നേരിടാനുള്ള പരിശീലന പദ്ധതികളുമായി മുന്നോട്ടുപോകും. പുരുഷ സേനാംഗങ്ങൾക്കു ലഭിക്കുന്നതുപോലെ, സ്ത്രീകൾക്കും കഠിനമായ ‘ദൗറ-ഇ-തസ്കിയ’ എന്ന പേരിലുള്ള പരിശീലനം നൽകുമെന്ന് അസ്ഹർ അറിയിച്ചു. പുരുഷന്മാർക്കുള്ള ‘ദൗറ-ഇ-തർബിയത്ത്’ പരിശീലനത്തിൻെറ മാതൃകയിലാണ് ഇതും നടക്കുന്നത്.
ബ്രിഗേഡിൽ ചേർന്ന സ്ത്രീകൾക്കായി കർശനമായ ആചാരങ്ങൾ നിശ്ചയിച്ചിട്ടുണ്ട് — ഭർത്താവിനെയോ അടുത്ത ബന്ധുവിനെയോ ഒഴികെ മറ്റാരുമായും ഫോണിലൂടെ സംസാരിക്കാൻ പാടില്ല. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ വനിതാ വിഭാഗത്തിന്റെ തലവിയാണ്. മറ്റൊരു സഹോദരി സമൈറ അസ്ഹറും, ഭീകരൻ ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ഫാറൂഖും സംഘടനയുടെ പ്രധാന നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കും. ജയ്‌ഷെ മുഹമ്മദിന്റെ ഈ നീക്കം പാകിസ്ഥാനിലെ ഭീകരവാദ തന്ത്രങ്ങൾ പുതിയ തലത്തിലേക്ക് കടക്കുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.











