
ജയ്പുർ: മോഷണശ്രമത്തിനിടെ പിടിയിലായ യുവതി, സ്വയം വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
ജയ്പുരിലെ മുഹാന പ്രദേശത്തെ ഒരു വീട്ടിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വീട്ടുടമയും കുടുംബവും പുറത്തുപോയ സമയത്താണ് യുവതി വീട്ടിൽ അതിക്രമിച്ച് കയറി മോഷണശ്രമം നടത്തിയത്. എന്നാൽ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ട വീട്ടുടമ സ്ഥലത്തെത്തി യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു.
പിടിയിലായതിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതി വസ്ത്രമുരിഞ്ഞ് വീട്ടുടമയെയും മറ്റുള്ളവരെയും പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിന് ദിവസങ്ങൾ മുമ്പും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് സ്വർണാഭരണങ്ങളും പണവും നഷ്ടമായതിനെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ വീട്ടുടമ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുതിയ മോഷണശ്രമം കണ്ടെത്താൻ നിർണായകമായത്.











