
കൊച്ചി: സംസ്ഥാനത്ത് ആദ്യ സ്വകാര്യ സർവകലാശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി’ എന്ന പേരിലായിരിക്കും കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ സർവകലാശാല പ്രവർത്തനം ആരംഭിക്കുക. 350 കോടി രൂപയായിരിക്കും പദ്ധതിയുടെ ആദ്യഘട്ട നിക്ഷേപം.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവടങ്ങളിൽ ഉപ ക്യാമ്പസുകളും തുറക്കും.ഗുണനിലവാരമുള്ള ഉന്നതപഠനം തേടി മറ്റു നാടുകളിലേക്ക് പോകുന്നവർ കേരളത്തിൽ കൂടുതലാണെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു. ഇത്തരത്തിൽ മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കി പോകുന്നവർക്ക് നാട്ടിൽ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനായാണ് കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മുതൽ കൊച്ചിയിൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് പ്രവർത്തിക്കുന്നുണ്ട്.











