11:08am 25 November 2026
NEWS
കേരളത്തിൽ ജയിലല്ലോ സുഖപ്രദം! നൂറു വർഷം ജയിലിൽ കിടക്കാനും തയ്യാറാകുന്ന മലയാളികൾ

30/01/2025  02:31 PM IST
nila
കേരളത്തിൽ ജയിലല്ലോ സുഖപ്രദം!  നൂറു വർഷം ജയിലിൽ കിടക്കാനും തയ്യാറാകുന്ന മലയാളികൾ

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഭയലേശമന്യേ പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ പൊതുസമൂഹം ​ഗൗരവമായി ചർച്ച ചെയ്യേണ്ട ഒന്നാണ്. തെല്ലും കുറ്റബോധമില്ലാതെയാണ് ആ കൊടും ക്രിമിനൽ കോടതിയിൽ നിന്നത്. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വർഷം ശിക്ഷിച്ചോളൂവെന്നും ഉടനെ ശിക്ഷ വിധിക്കണമെന്നുമായിരുന്നു ചെന്താമര കോടതിയോട് പറഞ്ഞത്. കൊടും ക്രിമിനലുകളെ ഭയപ്പെടുത്താനുതകുന്ന ഒന്നും കേരളത്തിലെ ജയിലറകളില്ല എന്ന വസ്തുത ഒരു കൊടും ക്രിമിനലിന് ഇതിലും മനോഹരമായി എങ്ങനെയാണ് പറയാനാകുക. 

കഥകളിലും സിനിമകളിലും വാർത്തകളിലും കണ്ടും കേട്ടുമറിഞ്ഞതല്ല ചെന്താമരയെ സംബന്ധിച്ച് ജയിൽ. കൊലക്കേസിൽ പ്രതിയായി തന്നെ നാളുകളോളം ജയിലിനുള്ളിൽ കഴിഞ്ഞ മനുഷ്യനാണയാൾ. ഇനി ഒരിക്കലും ഒരു പെറ്റിക്കേസിൽ പോലും പെട്ട് ഇതിനകത്തേക്ക് കയറാൻ ഇടവരുത്തരുതേ എന്നാ​ഗ്രഹത്തോടെ വേണം തടവറയ്ക്കുള്ളിൽ ഒരുദിവസമെങ്കിലും കഴിയേണ്ടി വരുന്ന കുറ്റവാളികൾ ജയിലിന് പുറത്തുവരാൻ. എന്നാൽ, നാട്ടിൽ കഴിയുന്നതിലും സുഖമാണ് കേരളത്തിലെ തടവറയെന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നേരേ നിവർന്നുനിന്ന് മുഖത്തു നോക്കി ഒരു കൊടും ക്രിമിനൽ വിളിച്ചു പറഞ്ഞു. പക്ഷേ ഇവിടെ ചർച്ചയാകുന്നത് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്കിഷ്ടം ചിക്കനും ചോറും എന്നതും, ചെന്താമര കൂടോത്രങ്ങളിൽ വിശ്വസിച്ചിരുന്നു എന്നതുമായിരുന്നു!

ചെന്താമര ചിക്കനും ചോറും ഇഷ്ടപ്പെടുന്നതും കൂടോത്രത്തിൽ വിശ്വസിക്കുന്നതും പൊതു സമൂഹത്തെ ബാധിക്കുന്ന കാര്യമേയല്ല. മനുഷ്യമാംസവും രക്തവും അയാൾ ഇഷ്ടപ്പെടുന്നതും ഭയമൊട്ടുമില്ലാതെ മനുഷ്യരെ വെട്ടിനുറുക്കുന്നതുമാണ് സാമൂഹിക പ്രശ്നം. പക്ഷേ നിർഭാ​ഗ്യവശാൽ മലയാളി ചർച്ച ചെയ്യുക ചെന്താമരയുടെ ചിക്കനും ചോറുമാണ്. ചെന്താമരയെന്ന കൊടും ക്രിമിനൽ എന്തുകൊണ്ടാണ് നൂറുവർഷ‌വും ജയിലിൽ കിടക്കാൻ ഭയപ്പെടാത്തത്? ഇങ്ങനെയുള്ള ഒറ്റബുദ്ധികൾക്ക് നാട്ടിൽ ജീവിക്കുന്നതിനെക്കാൾ സുരക്ഷയും സൗകര്യങ്ങളും ജയിലിനുള്ളിലുണ്ട് എന്നത് തന്നെ. 

പണമോ സ്വാധീനമോ കരബലമോ ഉള്ളവൻ ജയിലിനുള്ളിൽ ചക്രവർത്തിയാണ്. സർക്കാരിന്റെ അതിഥി മന്ദിരത്തിൽ ചുറ്റിനും കാവൽഭടന്മാരുള്ള പ്രമാണിയെ പോലെ കഴിയാം. ചിക്കനും മട്ടനും മീനും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണം. ആരെയും പേടിക്കേണ്ട. അതേസമയം, ജയിലിന് പുറത്ത് സ്ഥിതി അങ്ങനെയല്ല. കേരളത്തിലെ നടപ്പാതകളിലും പൊതു ഇടങ്ങളിലും എന്തിന് സ്വന്തം വീടുകളിൽ പോലും മനുഷ്യർ ആക്രമിക്കപ്പെട്ടേക്കാവുന്ന സാഹചര്യം. ലഹരി മാഫിയ ഉൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം. ചെന്താമരയെ പോലെയുള്ള ക്രിമിനലുകൾ നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്തതിന്റെ മറ്റൊരു കാരണം സമൂഹത്തിൽ മതിയായ അളവിൽ ബഹുമാനം കിട്ടുന്നില്ല എന്നതാകാം. ജയിലിനുള്ളിൽ മറ്റു കുറ്റവാളികൾ മാത്രമല്ല, അവനവന്റെ ജീവനിൽ പേടിയുള്ള ജയിൽ ജീവനക്കാരും ഈ ക്രിമിനലുകളെ ബ​ഹുമാനിക്കും. 

കേരളത്തിലെ ജയിലുകളെ ക്രിമിനലുകൾക്ക് സുഖജീവിതത്തിനുള്ള ഇടങ്ങളാക്കി മാറ്റിയതിൽ ഇവിടുത്തെ രാഷ്ട്രീയക്കാർക്കുള്ള പങ്കും പറയാതെ പോകാൻ നിവൃത്തിയില്ല. രാഷ്ട്രീയ തടവുകാരുടെ സുഖജീവിതത്തിന് വേണ്ടി ആഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ മാറ്റം വരുത്തുകയും മനുഷ്യാവകാശങ്ങളുടെ പേരിൽ ശിക്ഷകൾ തന്നെ ഇല്ലാതാകുകയും ചെയ്തതോടെ ജയിലുകൾ എന്നത് ക്രിമിനലുകളുടെ ക്യാംപ് ഓഫീസ് എന്നതിനപ്പുറം ഒന്നുമല്ലാതായി മാറിക്കഴിഞ്ഞു. പുതിയ ക്രിമിനലുകളെ പരിചയപ്പെടാനും പുത്തൻ കുറ്റകൃത്യങ്ങളുടെ മാർ​ഗങ്ങൾ പഠിക്കാനും സ്വന്തം ചെയ്തികളെ കുറിച്ച് മേനിപറയാനുമുള്ള പൊതു ഇടം എന്നതാണ് ഇന്ന് ക്രിമിനലുകളെ സംബന്ധിച്ച് ജയിലറകൾ. വ്യക്തി സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വലിയ പരി​ഗണന നൽകുന്ന പാശ്ചാത്യ രാജ്യങ്ങൾ പോലും ക്രിമിനലുകളെ ക്രിമിനലുകളായി മാത്രം പരി​ഗണിക്കുമ്പോഴാണ് പൊശാചികതയുടെ ആൾരൂപങ്ങളെ കേരളത്തിലെ ജയിലുകളിൽ നാം തീറ്റുപ്പോറ്റുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img