12:02am 10 November 2026
NEWS

പിതാവ് ചാരനായിരുന്നു; തന്റെ യഥാർത്ഥ പേര് ജാക്കി ചാൻ എന്നല്ലെന്നും വെളിപ്പെടുത്തൽ

02/06/2025  02:37 PM IST
nila
 പിതാവ് ചാരനായിരുന്നു; തന്റെ യഥാർത്ഥ പേര് ജാക്കി ചാൻ എന്നല്ലെന്നും വെളിപ്പെടുത്തൽ

തന്റെ പേര് ചാൻ എന്നല്ലെന്ന് നടൻ ജാക്കി ചാൻ. ഫാങ് എന്നാണ് തന്റെ പേരെന്ന് വളരെ താമസിച്ചാണ് മനസ്സിലാക്കിയതെന്നും അമേരിക്കൻ പ്രസിദ്ധീകരണമായ പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തന്റെ പേരിനൊപ്പം കുടുംബത്തെ സൂചിപ്പിക്കുന്ന ചാൻ എന്നത് യഥാർത്ഥ പേരല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തന്റെ പിതാവ് ചാരനായിരുന്നെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 

2003-ൽ പുറത്തിറങ്ങിയ 'ട്രെയ്‌സസ് ഓഫ് ദി ഡ്രാഗൺ: ജാക്കി ചാൻ ആൻഡ് ഹിസ് ലോസ്റ്റ് ഫാമിലി' എന്ന ഡോക്യുമെന്ററിയിൽ ജാക്കി ചാന്റെ പിതാവ് ചാരനായി പ്രവർത്തിച്ചിരുന്നു എന്ന് കാണിക്കുന്നുണ്ട്. 1940-കളിൽ ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ചാരനായി പ്രവർത്തിച്ചിരുന്നെന്നായിരുന്നു ഡോക്യുമെന്ററിയിൽ പറയുന്നത്. കറുപ്പ് കള്ളക്കടത്തുകാരിയും ചൂതാട്ടക്കാരിയുമാണ് ജാക്കി ചാന്റെ മാതാവ് എന്നും ഡോക്യുമെന്ററിയിൽ പരാമർശമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

തന്റെ പിതാവ് താൻ ചാരനായിരുന്നുവെന്ന് തന്നോട് വെളിപ്പെടുത്തിയ നിമിഷത്തെക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ ജാക്കി ചാൻ സംസാരിക്കുന്നത്. 'എന്റെ പിതാവ് സുമുഖനായിരുന്നു. അദ്ദേഹം ഒരു ചാരനായിരുന്നു. എനിക്ക് 40 വയസോ മറ്റോ ആയപ്പോഴാണ് അച്ഛന്റെ രഹസ്യം ഞാൻ അറിയുന്നത്. ഒരുദിവസം ഞാൻ കാറോടിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വണ്ടി നിർത്താൻ പിതാവ് ആവശ്യപ്പെട്ടു. 'മോനേ എനിക്ക് പ്രായമായി. ഞാൻ ചിലപ്പോൾ ഇനി ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കത്തിലേക്ക് വീഴും. എനിക്ക് ഒരു രഹസ്യം പറയാനുണ്ട്. നീ ചാൻ അല്ല, നിന്റെ ശരിയായ പേര് ഫാങ് എന്നാണ്', എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചാരനായിരുന്നെന്ന അച്ഛന്റെ തുറന്നുപറച്ചിൽ കേട്ട് ഞാൻ ഞെട്ടിപ്പോയി'- ജാക്കി ചാൻ അഭിമുഖത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img