04:48pm 03 May 2026
NEWS
മരണം കൺമുന്നിൽ വന്നപ്പോഴും നാലു വയസുള്ള മകനെ നെഞ്ചോട് ചേർത്തുപിടിച്ച് അമ്മ; ജബൽപുർ ബോട്ടപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളും പുറത്ത്


02/05/2026  11:00 AM IST
nila
മരണം കൺമുന്നിൽ വന്നപ്പോഴും നാലു വയസുള്ള മകനെ നെഞ്ചോട് ചേർത്തുപിടിച്ച് അമ്മ; ജബൽപുർ ബോട്ടപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളും പുറത്ത്

മധ്യപ്രദേശിലെ ജബൽപുർ ബോട്ടപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. നാലു വയസുള്ള കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത് മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ പരസ്പരം കെട്ടിപിടിച്ച നിലയിലായിരുന്നു ആ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ. ദുരന്തത്തിന്റെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യമായിരുന്നു അത്, ഇരുവരുടെയും മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചപ്പോൾ മധ്യപ്രദേശ് മന്ത്രി രാകേഷ് സിം​ഗ് ഉൾപ്പെടെ പൊട്ടിക്കരഞ്ഞു. ഇതിനു പിന്നാലെ ഈ അമ്മയുടെയും കുഞ്ഞിന്റെയും മൃതശരീരങ്ങളുടെ എഐ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ബർഗി ഡാം റിസർവോയറിൽ മുങ്ങിയ ക്രൂസ് ബോട്ടിൽ, നാലുവയസ്സുകാരനായ മകനെ ചേർത്ത് പിടിച്ച് ഇരിക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപകടത്തിന് തൊട്ടുമുമ്പ് പകർത്തിയ വീഡിയോയിലാണ് ആ യുവതിയും കുഞ്ഞുമുള്ളത്. 

ബോട്ടിന്റെ ഇടതുവശത്ത് മകനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന യുവതിയെ ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ബോട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയതോടെ യാത്രക്കാരിൽ പരിഭ്രാന്തി പടർന്നതും പിന്നാലെ ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ശ്രമം നടന്നതും വീഡിയോയിൽ വ്യക്തമാണ്.

 ഏകദേശം 40 പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. 28 പേരെ രക്ഷപ്പെടുത്തി. ഇതിനകം ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ ആറുപേരെക്കൂടി തെരയുകയാണ്. സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക ആരോപണം. യാത്രക്കാരിൽ പലർക്കും മുൻകൂട്ടി ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്നും, ബോട്ട് അപകടാവസ്ഥയിലായശേഷമാണ് അവ വിതരണം ചെയ്യാൻ ശ്രമിച്ചതെന്നും രക്ഷപ്പെട്ടവർ പറയുന്നു.

“കാലാവസ്ഥ മോശമാകുന്നുവെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും ഡ്രൈവർ ബോട്ട് തിരികെ കൊണ്ടുപോയില്ല. വെള്ളം കയറാൻ തുടങ്ങിയപ്പോൾ മാത്രമാണ് ലൈഫ് ജാക്കറ്റുകൾ പുറത്തെടുത്തത്. അപ്പോൾ എല്ലാവരും ഭയന്ന് തമ്മിൽ തർക്കിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം ബോട്ട് മറിഞ്ഞു,” എന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരി വെളിപ്പെടുത്തി. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ സമാന രീതിയിലുള്ള ബോട്ടുകളുടെ സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായി.

ദുരന്തത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിലായിരുന്നു ഇരുവരും. രക്ഷാപ്രവർത്തകർ പോലും കണ്ണീരടക്കാനാകാത്ത ദൃശ്യമാണിതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, അമ്മയുടെയും കുഞ്ഞിന്റെയും പേരിൽ വ്യാജ എഐ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img