
കേരള ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ - സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് (റിട്ട. ) ജെ. ബി. കോശി കമ്മീഷൻ, 2023 മെയ് 17 ന് ബഹു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതാണ്. എന്നാൽ 33 മാസങ്ങൾ
അഥവാ ആയിരത്തിൽപരം (1006) ദിവസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തത് ക്രിസ്ത്യൻ ന്യൂനപക്ഷത്തോടുള്ള വിവേചനമാന്നെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു.
റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയെന്നു സർക്കാർ പറയുന്നെങ്കിലും അവഏതൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. പ്രസ്തുത വിഷയങ്ങൾ വിശദീകരിക്കാൻ ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സഭാ-സമുദായ നേതാക്കളുടെസമ്മേളനം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതേക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. കാര്യങ്ങളിൽ വ്യക്തത വരുത്തി ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വേർതിരിവ് അവസാനിപ്പിക്കണമെന്നും ജെ. ബി. കോശികമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് സഭാനേതൃത്വങ്ങളുമായിചർച്ചചെയ്ത് എത്രയുംവേഗം നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി , ബിഷപ്പ് മാർറമിജിയോസ് ഇഞ്ചനാനിയിൽ, സഭാ ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ,കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
Photo Courtesy - Google








