02:21am 24 May 2026
NEWS
ഇവാൻക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരൻ പിടിയിൽ
23/05/2026  11:50 AM IST
nila
ഇവാൻക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരൻ പിടിയിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരൻ അറസ്റ്റിൽ.  മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി എന്ന മുപ്പത്തിരണ്ടുകാരനെയാണ് അമേരിക്കൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇറാഖ് പൗരനായ ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ​ഗാർഡ്സിന്റെ പരിശീലനം ലഭിച്ചിരുന്നുവെന്നും ഇറാൻ അനുകൂല സായുധസംഘടനയായ ഖതൈബ് ഹിസ്ബുള്ളയുമാമായി ബന്ധമുണ്ടെന്നും അന്വേഷണ ഏജൻസികൾ ആരോപിച്ചു.

ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനാണ് അറസ്റ്റിലായ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി. ഇയാൾ ടെഹ്റാനിൽ ഐആർജിസിയുടെ പരിശീലനം നേടിയതായാണ് റിപ്പോർട്ടുകൾ. ഇറാനിയൻ സൈനിക കമാൻഡറായ ഖ്വാസിം സുലൈമാനിയോടൊപ്പം സൈനിക ഭൂപടങ്ങൾ പരിശോധിക്കുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഫ്ലോറിഡയിൽ ഭർത്താവ് ജാരെഡ് കുഷ്നറുമൊത്ത് താമസിക്കുന്ന ഇവാങ്ക ട്രംപിന്റെ വസതിയുടെ ബ്ലൂപ്രിന്റ് ഇയാളുടെ കൈവശം നിന്ന് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇവരുടെ വീടിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ഇയാൾ, അമേരിക്കൻ സുരക്ഷാ സംവിധാനങ്ങൾ പോലും ഇവാൻകയെ സംരക്ഷിക്കാനാവില്ലെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

2020-ൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാനായിരുന്നു വധപദ്ധതിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സുലൈമാനിയെ പിതൃതുല്യനായി കണക്കാക്കിയിരുന്നുവെന്നാണ് അൽ-സാദിയെക്കുറിച്ചുള്ള വിവരങ്ങൾ.

2026 മേയ് 15-ന് തുർക്കിയിൽ അറസ്റ്റിലായ ഇയാളെ പിന്നീട് അമേരിക്കയ്ക്ക് കൈമാറി. നിലവിൽ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കർശന സുരക്ഷയിൽ പാർപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് സമയത്ത് ഇറാഖ് പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതിയോടെ മാത്രം ലഭിക്കുന്ന പാസ്‌പോർട്ടും ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇവാങ്ക ട്രംപിനെ ലക്ഷ്യമിട്ട ഗൂഢാലോചനയ്ക്ക് പുറമെ യൂറോപ്പിലും അമേരിക്കയിലുമായി നടന്ന 18-ഓളം ആക്രമണങ്ങളിലും ആക്രമണശ്രമങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ആംസ്റ്റർഡാമിലെ ബാങ്ക് ഓഫ് ന്യൂയോർക്ക് മെലോണിനെതിരായ ആക്രമണം, ലണ്ടനിലെ ജൂത സമൂഹാംഗങ്ങൾക്ക് നേരെയുണ്ടായ കുത്തേറ്റ സംഭവം, ടൊറന്റോയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെയുണ്ടായ വെടിവെപ്പ് എന്നിവയും ഈ കേസുകളിൽ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img