05:11pm 16 May 2026
NEWS
മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ച് മുസ്ലീം ലീ​ഗ്
16/05/2026  10:59 AM IST
nila
മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ച് മുസ്ലീം ലീ​ഗ്

മലപ്പുറം: വി ഡി സതീശൻ മന്ത്രിസഭയിൽ അം​ഗങ്ങളാകേണ്ട മുസ്ലീം ലീ​ഗ് പ്രതിനിധികളെ തീരുമാനിച്ചു. അ‍ഞ്ച് മന്ത്രിമാരുടെ പട്ടികയാണ് മുസ്ലീം ​ലി​ഗ് തയ്യാറാക്കിയിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാകും ഇക്കുറി യുഡിഎഫ് മന്ത്രിസഭയിലെ ലീ​ഗ് പ്രതിനിധികൾ. ഇവരുടെ വകുപ്പുകളും ലീ​ഗ് നേതൃത്വം നിശ്ചയിച്ച് കഴിഞ്ഞു എന്നാണ് സൂചന.

പി.കെ. കുഞ്ഞാലിക്കുട്ടി- ഐടി, വ്യവസായം, എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, വി.ഇ. അബ്ദുൾ ഗഫൂർ– പൊതുമരാമത്ത്, കെ.എം. ഷാജി- തദ്ദേശ സ്വയംഭരണ വകുപ്പ്, പി.കെ. ബഷീർ- ന്യൂനപക്ഷം, പ്രവാസി ക്ഷേമം എന്നിങ്ങനെയാണ് ധാരണയായിട്ടുള്ളത്. ആദ്യഘട്ടത്തിൽ ചർച്ചകളിൽ കടന്നുവരാതിരുന്ന വി.ഇ അബ്ദുൾ ഗഫൂർ മന്ത്രിസ്ഥാനത്തേക്ക് വരുന്നു എന്നതാണ് ശ്രദ്ധേയം. മുൻ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ മകൻ കൂടിയാണ് അബ്ദുൾ ഗഫൂർ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നാണ് വിവരം.

അതേസമയം, കോഴിക്കോട് ജില്ലയിൽ ലീഗ് ആറു സീറ്റുകളിൽ വിജയിച്ചതിനെ തുടർന്നു ജില്ലയ്ക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി ഉന്നയിച്ചു. കാസർകോട് ജില്ലയിൽനിന്നും സമാന ആവശ്യം ഉയർന്നിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ വിജയിച്ച എ.കെ.എം അഷ്‌റഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. വിഷയം ലീഗിന്റെ ഉന്നതാധികാര സമിതിയിൽ ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ജില്ലയിൽ യു.ഡി.എഫ് 12 സീറ്റുകൾ നേടിയെങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കൂവെന്ന വിലയിരുത്തലാണ് മുന്നണിക്കുള്ളിൽ നിലനിൽക്കുന്നത്. കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിനെയും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയനെയും മന്ത്രിസ്ഥാനത്തിനായി പരിഗണിക്കുന്നതായി സൂചനകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img