
മലപ്പുറം: മുസ്ലിംലീഗിന് ഉപമുഖ്യമന്ത്രി പദവിക്ക് യോഗ്യതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. സി.എച്ച്. മുഹമ്മദ് കോയയും അവുഖാദർ കുട്ടി നഹയും മുൻപ് ഈ സ്ഥാനം അലങ്കരിച്ചിട്ടുള്ളതിനാൽ, ഉപമുഖ്യമന്ത്രി ചരിത്രപരമായ അവകാശം ലീഗിന് ഉണ്ടെന്നതാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, നിലവിലെ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെടുകയോ അതിനായി പ്രത്യേക ചർച്ചകൾ നടത്തുകയോ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും തങ്ങൾ വ്യക്തമാക്കി.
അർഹതയുണ്ടെന്ന നിലപാട് നിലനിൽക്കുന്നുവെങ്കിലും, ഇപ്പോൾ അത് ഉന്നയിക്കേണ്ട സാഹചര്യമില്ലെന്നും, ഭാവിയിൽ ഇത്തരം ചർച്ചകൾ ഉയർന്നാൽ പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും മുന്നണിക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇതിനുമുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.










