08:35am 07 November 2026
NEWS
ജമാൽ ഖഷോഗി കൊലപാതകത്തിന്റെ പാപഭാരത്തിൽ നിന്നും സൗദി കിരീടാവകാശിയെ ട്രംപ് മുക്തനാക്കിയത് വെറുതെയല്ല
19/11/2025  07:25 PM IST
nila
ജമാൽ ഖഷോഗി കൊലപാതകത്തിന്റെ പാപഭാരത്തിൽ നിന്നും സൗദി കിരീടാവകാശിയെ ട്രംപ് മുക്തനാക്കിയത് വെറുതെയല്ല

വാഷിങ്ടൺ: ഏഴു വർഷത്തിന് ശേഷം സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെത്തുമ്പോഴും ചർച്ചകളിൽ നിറയുന്നത് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകമാണ്. സൗദി അറേബ്യയുടെ ശക്തനായ വിമർശകനും വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കു നേരേ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ സംഭവത്തിന് പിന്നാലെയായിരുന്നു സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽതട്ടിയതും. എന്നാൽ, ഖഷോ​ഗി വധവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശിയെ പരസ്യമായി ന്യായീകരിക്കാനും അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടിക്കുന്നില്ല.

2021ലെ സിഐഎ റിപ്പോർട്ടിൽ ഖഷോ​ഗി വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ട് എന്ന് പറഞ്ഞിരുന്നു. സൗദി കിരീടാവകാശിയാണ് ഖഷോ​ഗിയെ വധിക്കാൻ ഉത്തരവിട്ടത് എന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ആ റിപ്പോർട്ടിനെയും തള്ളുന്നതാണ് ട്രംപിന്റെ ഇപ്പോഴത്തെ നിലപാട്. ഖഷോഗി കൊല്ലപ്പെട്ടതിനെക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് ഒന്നും അറിയില്ലായിരുന്നു എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിനിടെ ഈ വിഷയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ട്രംപ് നീരസം മറച്ചുവെച്ചില്ല. ഖഷോഗിയെ “വിവാദസ്വഭാവമുള്ള വ്യക്തി”യെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. “നിങ്ങൾ പരാമർശിക്കുന്നത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരാളെപ്പറ്റിയാണ്. അദ്ദേഹത്തെ അനേകം പേർ ഇഷ്ടപ്പെടാത്തവനായിരുന്നു. നിങ്ങൾക്ക് ഇഷ്ടമായാലും വേണ്ടെങ്കിലും പലകാര്യങ്ങളും സംഭവിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു. ഇവിടെ വെച്ചുതന്നെ ഇത് അവസാനിപ്പിക്കാം,” - ട്രംപ് പറഞ്ഞു.ഖഷോഗിയുടെ വധം വേദനാജനകവും ഗുരുതരമായ പിഴവുമാണെന്ന് മുഹമ്മദ് ബിൻ സൽമാനും പ്രതികരിച്ചു. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുവാൻ അദ്ദേഹവും തയ്യാറായില്ല. 
 
ഒരുകാലത്ത് സൗദി അംബാസഡറുടെ ഉപദേഷ്ടാവും സഹായിയുമായിരുന്ന ജമാൽ ഖഷോഗി. എന്നാൽ, സൗദി ഭരണകൂടത്തിന്റെ വിമർശകനായി മാറിയതോടെ ഖഷോ​ഗി സൗദി ഭരണാധികാരികളുടെ നോട്ടപ്പുള്ളിയായി മാറി. അതിനിടയിലാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് ജമാൽ ഖഷോ​ഗി കൊല്ലപ്പെടുന്നത്. അദ്ദേ​ഹത്തിന്റെ മൃതദേഹം കൊത്തിനുറുക്കി ആസിഡിൽ അലിയിച്ചു എന്നാണ് തുർക്കി ഭരണാധികാരി തന്നെ പിന്നീട് വെളിപ്പെടുത്തിയത്.

ഖഷോഗിയുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ തുർക്കി പ്രസിഡന്റ് എർദോ​ഗൻ പുറത്തുവിട്ടിരുന്നു. ഖഷോഗിയുടെ അവസാന വാക്കുകളടങ്ങിയ ശബ്ദശകലവും അദ്ദേഹം പുറത്തുവിട്ടിരുന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു. ഈ ബാ​ഗ് എന്റെ തലയിൽനിന്നും എടുത്തു മാറ്റൂ. ഞാൻ ഇടുങ്ങിയ ഇടങ്ങളെ ഭയപ്പെടുന്നയാളാണ്’– ശബ്ദശകലത്തിൽ ഖഷോഗി പറയുന്നത് ഇങ്ങനെയാണ്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽനിന്ന് റെക്കോർഡ് ചെയ്തതാണ് ഈ ശബ്ദരേഖയെന്ന് എർദോ​ഗൻ വ്യക്തമാക്കിയിരുന്നു. 

കൊലപാതകം ഏഴുമിനിറ്റോളം നീണ്ടുനിന്നെന്നായിരുന്നു അന്താരാഷ്ട്ര മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  ഖഷോഗിയുടെ തല പ്ലാസ്റ്റിക് കവറുകൊണ്ടു മൂടിയെന്നും ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കുന്നതിന് മുമ്പ് സൗദി സയന്റിഫിക് കൗൺസിൽ തലവൻ സലാ അൽ തുബൈജിയുടെ നേതൃത്വത്തിൽ നിലത്ത് പ്ലാസ്റ്റിക് ബാഗ് വിരിച്ചെന്നുമായിരുന്നു റിപ്പോർട്ട്.

ട്രംപിന് മുഖ്യം ബിസിനസ് 

ഖഷോ​ഗി വധത്തിൽ സൗദി കിരീടാവകാശിയെ നിരപരാധിയായി ട്രംപ് പ്രഖ്യാപിച്ചതോടെ അമേരിക്കക്ക് വലിയ നേട്ടങ്ങളാണ് കൈവന്നത്. അമേരിക്കയിൽ ലക്ഷം കോടി ഡോളറി​ന്റെ നിക്ഷേപമാണ് സൗദി അറേബ്യ നടത്താനൊരുങ്ങുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ അ​മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ 60,000 കോടി ഡോളറി​ന്റെ നിക്ഷേപമായിരുന്നു സൗദി വാഗ്ദാനം ചെയ്തിരുന്നത്. ഇതാണ് ഒരു ലക്ഷമായി വർധിപ്പിക്കുന്നത്. ഇതിന്റെ ഉപകാര സ്മരണയ്ക്കയാണ് സൗദി കിരീടാവകാശിയെ ഖഷോ​ഗി വധത്തിന്റെ പാപഭാരത്തിൽ നിന്നും ട്രംപ് മുക്തനാക്കിയിരിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img