12:18am 12 September 2026
NEWS
ഐടിഐ വിദ്യാർത്ഥിനിയായ പതിനെട്ടുകാരി തൂങ്ങിമരിച്ചത് അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നെന്ന് പരാതി
23/07/2025  10:01 AM IST
nila
ഐടിഐ വിദ്യാർത്ഥിനിയായ പതിനെട്ടുകാരി തൂങ്ങിമരിച്ചത് അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നെന്ന് പരാതി

ഐടിഐ വിദ്യാർത്ഥിനിയായ പതിനെട്ടുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. 

അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ അസഭ്യവർഷം നടത്തിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കാട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതായി പിതാവ് അറിയിച്ചു. 

സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് അറിയിച്ചു. പുറത്തുപോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു കരഞ്ഞെന്ന് പിതാവ് പറയുന്നു. പിതാവ് ഉടനെ എത്തിയെങ്കിലും മകൾ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നും പരാതിയിൽ പറയുന്നു. 

ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു പെൺകുട്ടി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തെന്നും വിശദാന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സഹോദരി: ആരതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img