
കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ വേർപാട് ഇന്ന് രണ്ട് വർഷം പൂർത്തിയാക്കുന്നു.സ്കൂൾ പഠനകാലം മുതൽ രാഷ്ട്രീയരംഗത്തും , പൊതു പ്രവർത്തനരംഗത്തും സജീവമായി പ്രവർത്തിച്ച ശ്രീ ഉമ്മൻചാണ്ടിയുടെ സംഭവബഹുലമായ ജീവിതം ഏതാനും വാചകങ്ങളിൽ എഴുതി എഴുതിതീർക്കാനാവില്ല.വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന് കോൺഗ്രസ്സ് മുഖ്യധാര രാഷ്ട്രീയത്തിലൂടെ അധികാരത്തിന്റെ പടവുകൾ ചവിട്ടികയറി പൊതു ജീവിതത്തിൽ ജനങ്ങളെ സേവിച്ച് സ്നേഹിച്ച് ജനകീയ നേതാവായി ജനഹൃദയങ്ങളിൽ കുടിയേറിയ അപൂർവ്വ നേതാക്കളിലൊരാളായിരുന്നു മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി.
ഇടവേളകളില്ലാതെ താണ്ടിയ ആറുപതിറ്റാണ്ട് നീണ്ട പൊതു ജീവിതം.
പതിമൂന്ന് വട്ടം എം എൽ എ യും മന്ത്രിയും, രണ്ടുതവണ മുഖ്യ മന്ത്രിയുമായിരുന്നു പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് തന്റെ പൊതുജീവിതത്തിൽ പിന്നിട്ടത് അപൂർവ്വതകളുടെ ബഹുദൂരമാണ്.
വിശ്രമ രഹിതമായ പൊതുസേവനത്തിലും ലളിത ജീവിതം നയിച്ചിരുന്ന ശ്രീ ഉമ്മൻ ചാണ്ടി ഉയർച്ച താഴ്ചകളിലും ആദർശസമ്പുഷ്ടവും, തത്വാധിഷ്ടവുമായ തന്റെ വ്യക്തിജീവിതവും ,പൊതുജീവിതവും ശുഭ്ര വസ്ത്രം പോലെ തന്നെ അതിന്റെ നൈർമല്യത്തോടെ കാത്തു സൂക്ഷിച്ചിരുന്നു.
പാർട്ടിസ്ഥാനങ്ങൾ വഹിക്കുമ്പോഴും, ഭരണാധികാരിയായിരിക്കുമ്പോഴും ജനങ്ങളെ എങ്ങിനെ സഹായിക്കാമെന്ന ചിന്തയോടെ ജനങ്ങൾക്കിടയിൽ ജീവിച്ച് കരുണയുടെ കരങ്ങളാൽ ജനങ്ങളെ തന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ച നേതാവായിരുന്നു അദ്ദേഹം.
സഹായമാവശ്യപ്പെട്ട് തന്റെയടുത്തേക്ക് എത്തുന്നവരുടേയും, ഫോണിലൂടേയും,കത്തിലൂടേയുംസഹായമാവശ്യപ്പെടുന്നവരുടേയും രാഷ്ട്രീയമോ, മതമൊ, ജാതിയൊ, ഗ്രൂപ്പൊ അന്വേഷിക്കാതെ, അവരെ എങ്ങിനെ സഹായിക്കാൻ കഴിയുമെന്ന് മാത്രം അന്വേഷിക്കുന്ന ജനകീയനായ ഭരണാധികാരി ഉമ്മചാണ്ടിയല്ലാതെ മറ്റൊരാളില്ല.
"മനുഷ്യ സ്നേഹത്തിന് ഡോക്ടറേറ്റുണ്ടെങ്കിൽ അതിന് ഏറ്റവും അർഹനായ നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയാണ്" ,മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണ് മുകളിൽ പറഞ്ഞത്.
ഉമ്മൻ ചാണ്ടിയുടേതിൽ നിന്ന് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം പുലർത്തുന്ന ശ്രീ മമ്മൂട്ടിയുടെ ഈ വിലയിരുത്തലിലൂടെ തന്നെ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ട നേടിയ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ മഹത്വത്തിനുള്ള വലിയ അംഗീകാരമായി.
ഉമ്മൻ ചാണ്ടി എന്ന നന്മമരത്തിന്റെ സ്നേഹത്തണൽ അടുത്തറിയാത്തവർക്കും , അടുത്ത് ചെല്ലാത്തവർക്കും ഒരുപോലെ അനുഭവഭേദ്യമായ വാക്കുകളായിരുന്നു ശ്രീ മമ്മൂട്ടിയുടേത്.
പൊതുജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ കാലിടറാതെ ,പതറാതെ മുന്നോട്ട് നീങ്ങിയത് തന്നിലെ നന്മയുടേയും സത്യസന്ധതയുടേയും ശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
സത്യത്തെ മാത്രം മുറുകെ പിടിച്ച് ജനങ്ങളെ മാത്രം സ്നേഹിച്ചും , സേവിച്ചും ജീവിച്ച മഹാത്മഗാന്ധിയുടെ ജീവിത വഴികളായിരുന്നു ഉമ്മൻ ചാണ്ടി തന്റെ ജീവിതത്തിലുടനീളം മുറുകെ പിടിച്ചത്.
ഒരു തുറന്ന പുസ്തകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിന്റെ വെണ്മയാർന്ന താളുകളിൽ കറുത്ത മഷി കോരിയിട്ട് വികൃതമാക്കാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികളോട് ഒരിക്കൽ പോലും വെറുപ്പൊ, ദേഷ്യമൊ പ്രകടിപ്പിക്കാതെ മിതഭാഷയുപയോഗിച്ച് പ്രതികരിക്കുന്ന കേരളം കണ്ട ഏകനേതാവും ശ്രീ ഉമ്മൻചാണ്ടി മാത്രമാണ്.
ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവർക്ക് കാലം കാത്തുവച്ച് പകർന്നു നൽകിയ കാവ്യനീതിയും രാഷ്ട്രീയ കേരളം കണ്ടു.
അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെ കേരളത്തിന്റെ സമഗ്ര വികസനം എന്നും തന്റെ സ്വപ്നമായി കൊണ്ടുനടന്ന വികസന നായകൻ സംസ്ഥാനത്ത് പല വൻ പദ്ധതികളും നടപ്പാക്കുകയുണ്ടായി.
തന്റെ ഭരണകാലത്ത് വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം ഉൾപ്പെടെയുള്ള പല പദ്ധതികളുടേയും തടസ്സങ്ങൾ നീക്കി തുടക്കം കുറിക്കുവാൻ കഴിഞ്ഞത് ശ്രീ ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ചപ്പാടും, ഇഛാശക്തിയും ഒന്നു കൊണ്ട് മാത്രമാണ്.
കേരളത്തിന്റെ ഗതാഗത രംഗത്തും വാണിജ്യ കച്ചവട രംഗത്തും വൻ കുതിച്ചു ചാട്ടത്തിന് വഴിവെച്ച കൊച്ചി മെട്രോ, കണ്ണൂർ എയർ പോർട്ട്, കൊച്ചി സ്മാർട്ട് സിറ്റി, കൊച്ചി ഇൻഫൊ പാർക്ക് എന്നിവയും ശ്രീ ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതികളിൽപ്പെട്ടവയാണ്.
കേൾവി ശക്തി നഷ്ടപ്പെട്ട അഞ്ചുവയസ്സുവരെയുള്ള 470 നിർദ്ധനരായ കുട്ടികൾക്ക് കോക്ളീയർ ഇംപ്ളാന്റേഷനിലൂടെ ശ്രവണ ശക്തിയുള്ളവരാക്കിമാറ്റി
സംസ്ഥാനത്ത് നടപ്പാക്കിയ ഈ പദ്ധതി ഏറെ പ്രകീർത്തിക്കപ്പെട്ട ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു.
കാരുണ്യലോട്ടറി പദ്ധതി ആരംഭിച്ച്
സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് ശസ്ത്രക്രീയയുൾപ്പെടെയുള്ള ചികിത്സയ്ക് സഹായം നല്കുന്ന പദ്ധതിയിൽ ഏകദേശം എൺപത്തിരണ്ടായിരം പേർക്ക് സഹായം എത്തിച്ച കാരുണ്യ ചികിത്സാ സഹായ പദ്ധതി രോഗികളോടും , നിർദ്ധനരോടുമുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ ദൃഷ്ടാന്തങ്ങളായി നമ്മുടെ മുന്നിലുണ്ട്.
ഇന്ത്യാ രാജ്യത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി നടപ്പാക്കിയതും ഉമ്മൻ ചാണ്ടി സർക്കാരാണ്.
സമ്പൂർണ്ണമദ്യനിരോധനമെന്ന ഗാന്ധിയൻ മാർഗ്ഗത്തോടുള്ള തന്റെ പ്രതിബദ്ധതയും, സംസ്ഥാനത്തെ കുടുംബങ്ങളുടേയും, സമൂഹത്തിന്റേയും സുരക്ഷയും ,സമാധാനവും നിലനിർത്താനായി നടപ്പാക്കിയ ബാർ നിരോധനം അദ്ദേഹത്തിന്റെ ഇഛാശക്തിയുടെ ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ്.
ഘട്ടം ഘട്ടമായി ഏർപ്പെടുത്തുവാനുദ്ദേശിച്ച സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ ഭാഗമായി 730 ബാറുകളടച്ചു പൂട്ടിയ ഉമ്മൻ ചാണ്ടിയുടെ വിപ്ളവകരമായ തീരുമാനം കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചതും രാഷ്ട്രീയ കേരളം കണ്ടു.
കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കും, കൊച്ചി മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കും പ്രക്യേക സഹായ പാക്കേജുകൾക്ക് രൂപംകൊടുത്ത് അവരുടെ പരാതികൾ പരിഹരിച്ചത് ഉമ്മചാണ്ടിയുടെ കാരുണ്യത്തിന്റെ കരസ്പർശത്തിന് മറ്റൊരുദാഹരണം കൂടിയാണ്.
ഭൂരഹിതരായ ആദിവാസികൾക്കെല്ലാം ഭൂമി പദ്ധതിക്ക് തുടക്കം കുറിച്ച് , സംസ്ഥാനത്ത് എല്ലാവർക്കും പാർപ്പിടം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും ഉമ്മൻ ചാണ്ടിയുടെ സർക്കാരാണ്.
"അതിവേഗം, ബഹുദൂരം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങളേയും , പരാതികളേയും സമീപിച്ച സമാനതകളില്ലാത്ത ജനകീയനായ ഭരണാധികാരിയെ
രാഷ്ട്രീയ എതിരാളികൾ എന്നും അസൂയയോടേയും അത്ഭുതത്തോടെയുമാണ് നോക്കി കണ്ടത്.
അത് കൊണ്ട് തന്നെ അദ്ദേഹത്തെ തകർക്കാൻ മറ്റുവഴികളില്ലാതെ വന്നപ്പോൾ മുപ്പൊത്തൻപത് ക്രിമിനൽ കേസിൽ പ്രതിയായ ഒരഭിസാരികയുടെ കൂട്ടുപിടിക്കേണ്ടി വന്ന നാണം കെട്ട പ്രതിപക്ഷത്തേയും ഉമ്മൻ ചാണ്ടിയുടെ ഭരണകാലഘട്ടത്തിൽ കേരളജനത കണ്ടു.
പ്രവാസികളെ എന്നും ചേർത്തുപിടിച്ചിരുന്ന ഉമ്മൻ ചാണ്ടി ,തിരിച്ചെത്തിയ പ്രവാസികൾക്കായി തുടങ്ങിയ സാന്ത്വനം പദ്ധതിയും, മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതിന് ഏർപ്പെടുത്തിയ കാരുണ്യനിധിയും അദ്ദേഹത്തിന്റെ പ്രവാസികളോടുള്ള കരുതലിന്റെ ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ്.
ചരിത്ര പ്രസിദ്ധമായ തന്റെ ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷകണക്കിന് പാവപ്പെട്ടവരുടേയും, തൊഴിലാളികളുടേയും, രോഗികളുടേയും പരാതികൾക്കും, ആവശ്യങ്ങൾക്കും പരിഹാരം കാണാനും, നടപടികളെടുക്കാനും കഴിഞ്ഞത് ലോകം തന്നെ വിസ്മയത്തോടെയാണ് വീക്ഷിച്ചത്.
ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയ ഈ ജനസമ്പർക്ക പരിപാടിയെ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവു വലിയ ജനസമ്പർക്ക പരിപാടി നടത്തി വിപ്ളവം സൃഷ്ടിച്ച മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് യു. എൻ അവാർഡും നല്കുകയുണ്ടായി.
ആറുപതിററാണ്ടിലേറെ നീണ്ട വിശ്രമ രഹിതമായ തന്റെ പൊതുജീവിതത്തിൽ നിന്നും നിത്യവിശ്രമത്തിലേക്കുള്ള തന്റെ അന്ത്യയാത്രയിൽ ബാഷ്പാഞ്ജലികളോടെ പ്രണാമമർപ്പിച്ച വൻ ജനാവലിയുടെ സാന്നിദ്ധ്യം രാഷ്ട്രീയ കേരളം ഇന്നേവരെ മറ്റാർക്കും നൽകാത്ത വലിയ ആദരവ് കൂടിയായി.
ഉമ്മചാണ്ടിയെപ്പൊലെ ആദർശധീരനും , കാരുണ്യവാനും , വികസന നായകനും,വലിയ മനുഷ്യ സ്നേഹിയുമായ ഒരു ഭരണാധികാരി കേരളത്തിൽ
ജനിക്കണമെങ്കിൽ ഇനിയും എത്ര മനുഷ്യജന്മം കാത്തിരിക്കണമെന്ന് സൃഷ്ടാവിന് മാത്രമറിയാം.
ആ വലിയ മനുഷ്യസ്നേഹിയുടെ
സ്മരണയ്ക് മുൻപിൽ പ്രണാമമർപ്പിക്കുന്നു.











